ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന പോളിംഗില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വന്ന തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.
21 പാര്‍ട്ടികളാണ് 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നെങ്കില്‍ വോട്ടെണ്ണല്‍ പ്രക്രിയ ഒരു ദിവസം വരെ നീളുമായിരുന്നു. ഏറ്റവുമൊടുവില്‍ വന്ന സുപ്രീംകോടതി വിധി പ്രകാരം ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയാണ് ഇത്തവണ വോട്ടെണ്ണല്‍ നടക്കുക.
നേരത്തേ സമാനമായ ഹര്‍ജി സുപ്രീംകോടതിയ്ക്ക് മുമ്പാകെ വന്നപ്പോള്‍, വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങള്‍ നീളുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് മെഷീനുകള്‍ എടുത്ത് അതിലെ രസീതുകള്‍ എണ്ണി കൃത്യത പരിശോധിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വിധിച്ചത്.