തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ അവസാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന് ഒരുങ്ങുന്നു. മെയ് എട്ടിന് കേരളത്തില്‍ നിന്നും പുറപ്പെടുന്ന മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ വൃന്ദവും ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ് എന്നീരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിവിധപരിപാടികളില്‍ പങ്കെടുക്കും.
മസാലാബോണ്ട് വിജയകരമായി വിറ്റഴിക്കാന്‍ കഴിഞ്ഞതിന്റെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. മെയ് 17 ന് ലണ്ടനിലാണ് മസാലാബോണ്ട് വിറ്റഴിക്കലിന്റെ വിജയാഘോഷം. ഇന്ത്യന്‍ രൂപയില്‍ വിദേശത്ത് ഇറക്കുന്ന കടപ്പത്രമായ മസാലാബോണ്ട് വഴി 2650 കോടി രൂപ സമാഹരിക്കാനാണ് കിഫ്ബിയ്ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ 2150 കോടി സമാഹരിച്ചു കഴിഞ്ഞു. ഇതിന്റെ വിജയാഘോഷമാണ് ലണ്ടനില്‍. 17ന് മസാലബോണ്ടുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കു ശേഷം 18ന് മടങ്ങും.
മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം എന്നിവരും വിജയാഘോഷ ചടങ്ങില്‍ പങ്കെടുക്കും.യു.എന്‍.ഇ.പി.യുടെ റൂം ഫോര്‍ റിവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡ്‌സിലെ നൂര്‍വാര്‍ഡ് മേഖലയും സംഘം സന്ദര്‍ശിക്കും. നെതര്‍ലന്‍ഡ്‌സ് വാട്ടര്‍മാനേജ്‌മെന്റ് മന്ത്രിയുമായും സംഘം ചര്‍ച്ച ചെയ്യും.