കോട്ടയം: അക്ഷര നഗരിയുടെ ഓര്‍മ്മത്താളുകളിലേയ്ക്ക് നാളെ നാഗമ്പടം പഴയ മേല്‍പ്പാലം മാറും. നാളെ ഏകദേശം 10 മണിയോടെ പാലം തകര്‍ന്നടിയും.
ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുക. ട്രെയിന്‍ ഗതാഗതം അധികം തടസപ്പെടുത്താതിരിക്കാനും അമിത മലിനീകരണം ഒഴിവാക്കാനുമാണ് പാലം ഇത്തരത്തില്‍ തകര്‍ക്കുന്നത്.
പാലം തകര്‍ക്കുന്നത് കണക്കിലെടുത്ത് നാളെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയപാലം പൊളിക്കുന്നത്. 1953-ലാണ് നാഗമ്പടം പാലം നിര്‍മ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ ചെറുതായൊന്നുയര്‍ത്തി. എന്നാല്‍ പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.
പുതിയ പാലം വന്നതോടെ പഴയപാലം പൊളിക്കാന്‍ ദിവസങ്ങളായി നടപടികള്‍ തുടങ്ങിയിരുന്നു. ചെറിയ സ്ഫോകടവസ്തുവച്ച് പൊളിക്കാന്‍ തീരുമാനിച്ചെങ്കിലും ഉത്സവ അവധിയും തെരഞ്ഞെടുപ്പും മൂലം ഇത് നീണ്ടുപോയി.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. പാലത്തില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കഴിഞ്ഞു. നാളെ രാവിലെ ഒന്പതരക്ക് ശേഷം പാലത്തിനടിയിലെ വൈദ്യുതിലൈന്‍ മാറ്റും തുടര്‍ന്ന് ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടും. ഇതിനു ശേഷമായിരിക്കും സ്ഫോടനം നടത്തുക. പാലം തകര്‍ന്നു കഴിഞ്ഞാല്‍ ഉടന്‍ ട്രാക്ക് പഴയപടിയിലാക്കാനുള്ള നടപടികള്‍ തുടങ്ങും. നാളെ 11നും 12നും ഇടയിലാണ് പാലം പൊട്ടിക്കുന്നത്. ഈ സമയം എംസി റോഡിലും ഗതാഗതം നിരോധിക്കും. വൈകുന്നേരത്തോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയിലാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്.