ബിഡിജെഎസില്‍ തമ്മിലടി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു

തിരുവല്ല: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചതാണ് അക്കീരമണ്‍ പാര്‍ട്ടി വിടുന്നത്. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമണ്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിഡിജെഎസ്സില്‍ മുന്നോക്കക്കാര്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും രണ്ടുതരം നീതിയാണെന്ന് അക്കീരമണ്‍ തിരുവല്ലയില്‍ പറഞ്ഞു

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ബിഡിജെഎസ്സില്‍ തുല്യ നീതിയില്ലെന്ന് അക്കീരമണ്‍ വിമര്‍ശിക്കുന്നു. മുന്നോക്ക സംവരംണം, ശബരിമല സ്ത്രീ പ്രവേശനം എന്നീ വിഷയങ്ങളില്‍ എന്‍എസ്എസ്സിന് ബിഡിജെഎസ്സിനേക്കാള്‍ വ്യക്തമായ നിലപാടുണ്ടെന്ന് അക്കീരമണ്‍ പറയുന്നു. സ്വന്തം നിലപാട് പാര്‍ട്ടി നിലപാടിനോട് യോജിച്ച് പോകാത്തതിനാല്‍ ബിഡിജെഎസ് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകാനാണ് കാളിദാസ ഭട്ടതിരിപ്പാടിന്റെ തീരുമാനം. ഏതാനും മാസങ്ങളായി ബിഡിജെഎസ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അക്കീരമണ്‍.