സലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്ക് കണ്ണീരോടെ വിരാമം; മൃതദേഹം കണ്ടെത്തി

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്ക് കണ്ണീരോടെ വിരാമം. വിമാനം തകര്‍ന്ന് വീണ് കടലില്‍ കാണാതായ സലയുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സലയുടേതാണെന്ന് ഡോര്‍സെറ്റ് പൊലീസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി.

മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസും സലയുടേയും ഡേവിഡിന്റേയും കുടുംബത്തിന് ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും അനുശോചനമറിയിക്കുന്നതായും കാര്‍ഡിഫ് സിറ്റിയും ട്വീറ്റ് ചെയ്തു. ജനുവരി 21ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. സലയും പൈലറ്റും മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിന്റെ മൃതദേഹം നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു.

വിമാനം കാണാതായതോടെ നടത്തിയ ആദ്യ തിരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചിരുന്നു എങ്കിലും കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ച് അന്വേഷണം പുനരാരംഭിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്.

ഫ്രഞ്ച് ക്ലബ്ബ് നാന്റസില്‍ നിന്നും വന്‍ തുകയ്ക്ക് കാര്‍ഡിഫിലേക്ക് എത്തിയ താരം പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബില്‍ ചേരാനുള്ള യാത്രയ്ക്കിടെ ആയിരുന്നു മരണം വന്നു വിളിച്ചത്. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

ബ്രിട്ടീഷ് വംശജനായ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണായിരുന്നു സലയ്‌ക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു.