തൃശൂര്‍: നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ന്യൂസ് 18 ചാനലാണ് ഇക്കാര്യം പുറത്ത് വിട്ടത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ജു കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും മഞ്ജു ഇറങ്ങും. കോണ്‍ഗ്രസ് നേതൃത്വവുമായി മഞ്ജു ചര്‍ച്ച നടത്തി.
മഞ്ജു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സമ്മതം മൂളിയിട്ടില്ലെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരിക്കേണ്ടി വന്നാല്‍ ചാലക്കുടിയോ തൃശൂരോ ആകും പരിഗണിക്കുക.
നടി എന്നതിലപ്പുറം മഞ്ജുവിന് പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പൊതുസമൂഹത്തില്‍ മികച്ച പ്രതിച്ഛായയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മഞ്ജുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും പൊതുവിഷയങ്ങളിലെ ഇടപെടലും മഞ്ജുവിന് സ്വീകാര്യത നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തല്‍.