സര് സി.പി.യുടെ മൂക്കരിഞ്ഞ നാടാണിതെന്നുകൂടി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍: ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മുന്നറിയിപ്പ്. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍ നന്നായി. സര് സി.പി.യുടെ മൂക്കരിഞ്ഞ നാടാണിതെന്നുകൂടി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ പൊന്നാനി ദേശീയപാതയുടെ നവീകരണ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വെച്ചുകൊണ്ടിരിക്കില്ലെന്ന് മന്ത്രി വ്യകതമാക്കി. അതിനു തെളിവായി സെക്രട്ടേറിയേറ്റില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ ഉടന്‍ സസ്പെന്‍ഡ് ചെയ്തത് മന്ത്രി ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ വിരമിക്കുംവരെ അവിടെത്തന്നെ കഴിഞ്ഞുകൂടാമെന്ന് വ്യാമോഹിക്കേണ്ട. സ്വന്തം മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടുമ്പോള്‍ അതിന്റെ സൗന്ദര്യം നോക്കിയിരിക്കുന്ന ഏര്‍പ്പാട് നടപ്പില്ല. പഠിച്ചതേ പാടൂ എന്ന ചിന്ത ഉദ്യോഗസ്ഥര്‍ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വകുപ്പായ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും മന്ത്രി വെറുതെ വിട്ടില്ല. റോഡുപണിക്ക് ടാര്‍ കുറഞ്ഞപ്പോള്‍ പകരം കരിവാരിത്തേച്ച് സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച ഉദ്യോഗസ്ഥരുണ്ട് നാട്ടില്‍. റോഡുപണിയുന്നതും പാലംപണിയുന്നതും ഒരു കലയായി വേണം കരുതാന്‍. അത് വെട്ടിപ്പിനുള്ള മാര്‍ഗമായി കരുതുന്നതാണ് അപകടം. ഇനി റോഡുപണികള്‍ക്ക് ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് കമ്മിറ്റിയുണ്ടാക്കി സോഷ്യല്‍ ഓഡിറ്റ് നടത്തും. അവര്‍ നല്ലതെന്ന് സാക്ഷ്യപ്പെടുത്തിയതിനു ശേഷം മാത്രം മതി അതിന്റെ ഉദ്ഘാടനച്ചടങ്ങുകളെന്നും മന്ത്രി പറഞ്ഞു.