വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ ഇറക്കുമതി കണ്ടെയ്നർ

കേരളത്തിന്റെ സമുദ്രവ്യാപാര മേഖലയ്ക്ക് പുതിയ വാണിജ്യസാധ്യതകൾ തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി. ചൈനയിലെ നിങ്ബോയിൽ നിന്ന് എം.എസ്.സി. സബ്രിന 111 എന്ന കപ്പലിലാണ് കണ്ടെയ്നർ എത്തിയത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് ആദ്യ ഇറക്കുമതി കണ്ടെയ്നറിലുള്ളത്. ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം ആഭ്യന്തര ഇറക്കുമതി-കയറ്റുമതി രംഗത്തും സജീവ സാന്നിധ്യമാകാനുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്.

ഇറക്കുമതി സൗകര്യം പ്രവർത്തനക്ഷമമായതോടെ കേരളത്തിലെ വ്യാപാരികൾക്ക് വിദേശത്തുനിന്നുള്ള ചരക്കുകൾ നേരിട്ട് വിഴിഞ്ഞത്ത് ഇറക്കാനും കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി വിപണികളിലെത്തിക്കാനും കഴിയും. മറ്റ് തുറമുഖങ്ങളെ ആശ്രയിച്ച് ചരക്കുകൾ എത്തിക്കേണ്ടിവരുന്ന സാഹചര്യം കുറയുന്നതിലൂടെ ഗതാഗതസമയവും അനുബന്ധ ചെലവുകളും ലഘൂകരിക്കാനാകും. ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ്, സംഭരണം, ഗതാഗതം തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ സംസ്ഥാനത്തിനകത്ത് വളരുന്നതിനും ഇത് സഹായകമാകും.

തുറമുഖ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ നേട്ടം. കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ-സംരംഭക സാധ്യതകൾ വർധിക്കും. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ അനുബന്ധ സേവനമേഖലകളുടെ വികസനത്തിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഇറക്കുമതി സൗകര്യം വഴിയൊരുക്കും. കേരളത്തിലെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന തുറമുഖമായി വിഴിഞ്ഞം മാറുന്നതോടെ സംസ്ഥാനത്തിന്റെ വ്യാപാര അടിസ്ഥാനസൗകര്യത്തിനും കൂടുതൽ കരുത്തേകാനാകും.

സമ്പൂർണ്ണ എക്സിം (EXIM-കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ സജ്ജമായതിന് പിന്നാലെ ഇറക്കുമതി പ്രവർത്തനങ്ങൾക്കും തുടക്കമിടാനായത് തുറമുഖത്തിന്റെ പ്രവർത്തനവികാസത്തിലെ ശ്രദ്ധേയമായ നേട്ടമാണ്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരക്കുകൾ വിഴിഞ്ഞം വഴി വിദേശ വിപണികളിലേക്ക് എത്തിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നതിനുള്ള സാധ്യതകൾ ഇതോടെ കൂടുതൽ വിപുലമാകും. കയറ്റുമതിയും ഇറക്കുമതിയും ഒരുപോലെ ശക്തിപ്പെടുമ്പോൾ പ്രാദേശിക വ്യവസായങ്ങൾക്കും വ്യാപാരമേഖലയ്ക്കും ആഗോള വിപണിയുമായി കൂടുതൽ കാര്യക്ഷമമായി ബന്ധപ്പെടാനാകും.