ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് നടന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ നിന്നും തടിയൂരാനുള്ള പി.എസ്.സിയുടെ നീക്കത്തിന് കടിഞ്ഞാണിട്ട് ഹൈക്കോടതി. പരീക്ഷയില്‍ 58 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെവിട്ടത് അഴിമതിയല്ലേ, പി.എസ്.സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേയെന്നും കോടതി ചോദിച്ചു. ചോദ്യം ചെയ്യല്‍ നീക്കത്തിന് എതിരെ പി.എസ്.സി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഇതുവരെ 180ല്‍ അധികം പരാതികള്‍ പി.എസ്.സിക്ക് എതിരെ ലഭിച്ചതായാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ചെയര്മാന് അടക്കം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നോട്ടീസ് നല്‍കിയിട്ടും സഹകരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടി സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. യുവതലമുറയുടെ പ്രതീക്ഷ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.
പ്ലാനിങ് ബോര്‍ഡിന് പുറമെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അടക്കം നിരവധി പരീക്ഷകളില്‍ പി.എസ്.സിക്ക് എതിരെ അന്വേഷണ സംഘത്തിന് ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താല്‍, മറ്റ് പരാതികളിലും ചോദ്യം ചെയ്യല്‍ ആവര്‍ത്തിക്കുമോ എന്ന ഭയവും പി.എസ്.സിക്ക് ഉണ്ട്.



















