കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റല്‍ മീഡിയ ഗ്രീവന്‍സ് ബോഡിയായ ഐ.ഡി.പി.സി.ജി.സി. – ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റ് അസോസിയേഷനായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ – ഇന്ത്യ (കോം ഇന്ത്യ)യുടെ ഗ്രീവന്‍സ് ബോഡിയാണ് ഐ.ഡി.പി.സി.ജി.സി. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. കെ. എന്‍. കുറുപ്പ് അധ്യക്ഷനായിരുന്ന കൗണ്‍സിലിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തത്.

പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രിം കോടതി മുന്‍ ജസ്റ്റിസ് എന്ന സ്ഥാനത്തിന് പുറമെ, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍, കേരള ലോകായുക്ത എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ മുന്‍ പ്രസ് സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സിലെ മുന്‍ അംബാസഡറുമായിരുന്ന ഡോ. വേണു രാജാമണി ഐഎഫ്എസ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദീപിക എഡിറ്ററുമായ ജോര്‍ജ് കള്ളിവയലില്‍ എന്നിവരും പുതിയ സമിതിയില്‍ അംഗങളാണ്.
ഏഴംഗ ഗ്രീവന്‍സ് കൗണ്‍സിലില്‍ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡന്റും സത്യം ഓണ്‍ലൈന്‍ എഡിറ്ററുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി മലയാളി വാര്‍ത്ത എഡിറ്റര്‍ സോയിമോന്‍ മാത്യു, ട്രഷറര്‍ ട്രൂവിഷന്‍ ന്യൂസ് മാനേജിംഗ് എഡിറ്റര്‍ കെ. കെ. ശ്രീജിത്ത് എന്നിവരും അംഗങ്ങളാണ്.
2021-ലെ ഐ.ടി. ആക്ടിലെ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരമാണ് കോം ഇന്ത്യ ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിന് രൂപം നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐ.ടി. ആക്ട് പാസാക്കുകയും ‘ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്’ പ്രകാരം ഗ്രീവന്‍സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതിനുശേഷം രാജ്യത്ത് രണ്ടാമതും കേരളത്തില്‍ ആദ്യവുമായി രൂപംകൊണ്ട ഗ്രീവന്‍സ് കൗണ്‍സില്‍ കോം ഇന്ത്യയുടെ ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സില്‍ ആണ്.



