പി.എസ്.സിയില്‍ നിയമന വിവാദം കൂടുതല്‍ പരീക്ഷകളിലേയ്ക്ക് പടരുന്നു. പ്ലാനിങ് ബോര്‍ഡ് പരീക്ഷയില്‍ തിരിമറി നടന്നതിന് തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (എഐഒ) നിയമനത്തില്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി യോഗ്യതകളില്‍ മാറ്റം വരുത്തിയതായാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. എഐഒ റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നതിനായി പിആര്‍ഡി ഉദ്യോഗസ്ഥരും പി.എസ്.സി ഉദ്യോഗസ്ഥരും ഒത്തുകളിച്ചതായ രേഖകള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
പിആര്‍ഡി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. മാദ്ധ്യമപ്രവര്‍ത്തന മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് വേണ്ടത്. പിആര്‍ഡിയിലെ പ്രിസം പാനലിലെ എം പാനല്‍ ജീവനക്കാരില്‍ പലരും പി.ആര്‍.ഡി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതിയതായും, റാങ്ക് ലിസ്റ്റില്‍ മുന്‍പന്തിയില്‍ എത്തിയതായുമാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പിആര്‍ഡിയില്‍ മാനദണ്ഡമില്ലാ എന്നരിക്കെയാണ് അയോഗ്യരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പിആര്‍ഡി ഉദ്യോഗസ്ഥരും പി.എസ്.സി ഉദ്യോഗസ്ഥരും ഒത്തുകളിച്ചിരിക്കുന്നത്.
നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരത്തില്‍ യോഗ്യതാ രേഖകളില്‍ മാറ്റം വരുത്തിയതായാണ് സൂചന. കൂടാതെ റാങ്ക് പട്ടികയിലെ പതിനഞ്ചുപേരും വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും ആരോപണം ഉയരുന്നുണ്ട് .ഇതുകൂടാതെ, ഡയറ്റിലെ ലക്ചര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളില്‍ ഇടത് അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് പരിഗണന നല്‍കിയതായും പരാതിയുണ്ട്.



















