പിഎംശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് പിന്മാറാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂവെന്നും മന്ത്രി പ്രതികരിച്ചു. നിയമസഭയില്‍ പ്രവീണ്‍കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയിലൂടെ സംസ്ഥാനത്തെ 152 ബ്ലോക്കുകളില്‍ 304 സ്‌കൂളുകള്‍ക്ക് ഒരുകോടി രൂപവീതം മൂന്നുവര്‍ഷത്തേക്കാണ് ലഭിക്കുക. തൊള്ളായിരം കോടിരൂപയോളമാണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് കിട്ടുക. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ ഈ തുക നഷ്ടമാകുന്നതിനുപുറമെ അന്യായമായി മറ്റ് കേന്ദ്രഫണ്ടുകള്‍ തടഞ്ഞുവയ്ക്കാനും സാദ്ധ്യതയുണ്ട്. പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം കേരളത്തിന് നഷ്ടമുണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയതായോ അഭിപ്രായങ്ങള്‍ തേടിയതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനുവേണ്ടി സെക്രട്ടറിമാരുടെ സമിതി രൂപീകരിച്ചിരുന്നു. സെക്രട്ടറിമാര്‍ യോഗം ചേരുകയും പദ്ധതിയില്‍ ഒപ്പുവയ്ക്കാവുന്നതാണെന്ന് ഉപദേശം നല്‍കുകയും ചെയ്തതായാണ് രേഖകളില്‍ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



















