വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സാഹിത്യ പുരസ്‌കാരം അഷിതയ്ക്ക്

കോട്ടയം : വൈക്കം മുഹമ്മദ് ബഷീള്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2016 ലെ മികച്ച കൃതിക്കുള്ള പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരി അഷിത അര്‍ഹയായി. ‘ അഷിതയുടെ കഥകള്‍ ‘ എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം . 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് വൈകിട്ട് 4 മണിക്ക് തലയോലപ്പറമ്പിലെ സ്മാരക മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ അഷിതയ്ക്ക് സമ്മാനിക്കും .

ട്രസ്റ്റ് പ്രസിഡന്റ് അഡ്വ: പി.കെ ഹരികുമാര്‍ സെക്രട്ടറി ഡോ: സി.എം കുസുമന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാര പ്രഖ്യപനം നടത്തിയത് . കെ.പി ശങ്കരന്‍ മാഷ്, ഇ.പി രാജഗോപാല്‍ , കെ.സി നാരായണന്‍ എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണ്ണയ സമിതിയില്‍ ഉണ്ടായിരുന്നത് . ‘ അഷിതയുടെ കഥകള്‍ ‘ എന്ന സമാഹാരം ജീവിതത്തിലെ സൂഷ്മ നിമിഷങ്ങള്‍ മനസ്സിലേല്‍പ്പിക്കുന്ന ആകസ്മിക ആഘാതങ്ങളുടേയും അവ ബോധങ്ങളുടേയും ആഖ്യാനമാണെന്നും ഇത് കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈകാരിക – വൈചാരിത സമസ്യകളുടെ സത്യസന്ധവും സന്തുലിതവും ആത്മാര്‍ത്ഥവുമായ കഥാ രൂപങ്ങളാണെന്നും സമിതി വിലയിരുത്തി.

തുടര്‍ച്ചയായ 9 – ാം വര്‍ഷമാണ് സാഹിത്യ കൃതികളെ അടിസ്ഥാനമാക്കിയുള്ള ബഷീര്‍ സ്മാരക പുരസ്‌കാരം വിതരണം ചെയ്യുന്നത് . എന്‍.പ്രഭാകരന്‍ , റഫീക്ക് അഹമ്മദ് , സാറാ ജോസഫ് , ബി.രാജീവന്‍ , എന്‍.എസ് മാധവന്‍ , ആറ്റൂര്‍ രവി വര്‍മ്മ , സുഭാഷ് ചന്ദ്രന്‍ , കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത് .