മികച്ച ബ്രേക്ക്ഫാസ്റ്റിനായി തിരഞ്ഞെടുക്കാവുന്ന 3 ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഒരു ദിവസം ആരംഭിക്കുന്നതിന് പ്രഭാതഭക്ഷണം വളരെയധികം പ്രധാനമാണ്. ഇന്ത്യന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന അവില്‍ , ഉപ്പുമാവ്, ഓംലെറ്റ് എന്നിവയ്ക്ക് ഓരോന്നിനും അതിന്റേതായ പോഷക ഗുണങ്ങളുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. നിങ്ങളുടെ ജീവിതശൈലിയും ആരോഗ്യ ലക്ഷ്യങ്ങളും അനുസരിച്ചാണ് ഇവയില്‍ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത്. അവില്‍ വളരെ ലഘുവായതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണമാണ്. നിലക്കടലയും പച്ചക്കറികളും ചേര്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ പോഷകപ്രദമാകും. പെട്ടെന്ന് ഊര്‍ജ്ജം ആവശ്യമുള്ളവര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും അവില്‍ തിരഞ്ഞെടുക്കാമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഉപ്പുമാവ് റവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് അവിലിനെക്കാള്‍ കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. പച്ചക്കറികള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഉപ്പുമാവ് ശരീരത്തിന് ആവശ്യമായ നാരുകള്‍ നല്‍കുന്നു. കൂടുതല്‍ ശാരീരിക അധ്വാനമുള്ളവര്‍ക്കും ഉച്ചവരെ വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപ്പുമാവ് തിരഞ്ഞെടുക്കാമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. അതുപോലെ അതന്നെ പ്രോട്ടീന്‍ സമ്പന്നമായ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് ഓംലെറ്റാണ് ഏറ്റവും അനുയോജ്യം. പേശികളുടെ ബലത്തിനും ശരീരഭാരം നിയന്ത്രിക്കാനും മുട്ട സഹായിക്കുന്നു. ഇതിനൊപ്പം പച്ചക്കറികള്‍ കൂടി ചേര്‍ക്കുന്നത് പോഷകമൂല്യം വര്‍ദ്ധിപ്പിക്കും. പ്രോട്ടീന്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കും ഓംലെറ്റ് മികച്ച ചോയ്സാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. ചുരുക്കത്തില്‍, ദഹനത്തിന് അവിലും, കൂടുതല്‍ നേരത്തെ ഊര്‍ജ്ജത്തിന് ഉപ്പുമാവും, പ്രോട്ടീന് വേണ്ടി ഓംലെറ്റും തിരഞ്ഞെടുക്കാം. എണ്ണ കുറച്ച് ഉപയോഗിക്കുന്നതും പച്ചക്കറികള്‍ ധാരാളമായി ചേര്‍ക്കുന്നതും ഈ മൂന്ന് ഭക്ഷണങ്ങളെയും കൂടുതല്‍ ആരോഗ്യകരമാക്കുമെന്നും ആരോഗ്യവിദഗ്തര്‍ പറയുന്നു.