ഹോട്ടലിലോ റസ്റ്റോറന്റിലോ പോകുമ്പോൾ വയർ നിറച്ച് ഭക്ഷണം കഴിച്ച് അവസാനം ഒരു ഫ്രഷ് ലൈം അല്ലെങ്കിൽ സോഡാ ലൈം കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന്റെ പിന്നിലെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമ്മളിൽ എത്ര പേർക്ക് അറിയാം. ഭക്ഷണം അമിതമാകുമ്പോൾ ദഹനം മന്ദഗതിയിലാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ഭക്ഷണ ശേഷം നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം വേഗത്തിലാക്കാനും നെഞ്ചെരിച്ചിൽ, വയറുവേദന, ദേഹനക്കേട് എന്നിവ ഉണ്ടാവാതെ സംരക്ഷിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നാരങ്ങയിലെ സിട്രിക് ആസിഡ് വയറ്റിലെ ആസിഡിന്റെ ഉത്പാദനം വർധിപ്പിക്കുന്നു, ഇത് ഭക്ഷണം എളുപ്പത്തിൽ വിഘടിപ്പിക്കാനും ദഹിക്കാനും സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാനും നാരങ്ങാ വെള്ളം നല്ലതാണ്. ഇത് വയർ വീർക്കുന്നത് കുറയ്ക്കുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും അമിതമായി വയറ് നിറഞ്ഞ അവസ്ഥ കുറയ്ക്കാനും സഹായിക്കുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജനില നിലനിർത്താനും സഹായിക്കും. കട്ടിയുള്ള നോൺവെജ്ജ് ഭക്ഷണങ്ങൾ കഴിച്ചാലും ക്ഷീണം തോന്നില്ല. നിർജ്ജലീകരണം തടയാനും ഇത് സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഉചിതമായ അളവിൽ, മിതമായി കഴിച്ചാൽ നാരങ്ങാവെള്ളം നിങ്ങളുടെ ആരോഗ്യത്തിന് വലിയ ഗുണങ്ങൾ നൽകുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















