കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വർധിക്കുന്നതായി പഠന റിപ്പോർട്ട്

കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വർധിക്കുന്നതായി പഠന റിപ്പോർട്ട്. ഫെബ്രുവരിയിൽ നിന്ന് സെപ്റ്റംബറിലെത്തുമ്പോഴേക്കും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം 9 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർന്നതായി ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 2023ൽ ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്, വയനാട് എന്നീ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 2023 ഫെബ്രുവരിയിൽ 9 ശതമാനവും ജൂലൈയിൽ 24 ശതമാനവും സെപ്റ്റംബറിൽ 28 ശതമാനവുമായിരുന്നു പഠനപ്രകാരം വവ്വാലുകളിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഫെബ്രുവരിയിൽ പരിശോധിച്ച 88 സാമ്പിളുകളിൽ എട്ടും ജൂലൈയിൽ 74ൽ എട്ടും സെപ്റ്റംബറിൽ 110ൽ 31ഉം വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം പഠനത്തിൽ കണ്ടെത്തി. കോഴിക്കോട്ട് രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾക്ക് 40 മുതൽ 60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽനിന്നാണ് പഠനത്തിനായി സാമ്പിളുകൾ ശേഖരിച്ചത്. 2019ലും 2021ലും കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തെ തുടർന്ന് വവ്വാലുകളിൽ നടത്തിയ പഠനത്തിൽ 20 മുതൽ 21 ശതമാനംവരെ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വയനാട് ജില്ലയിലെ മാനന്തവാടി തുടങ്ങിയയിടങ്ങളിൽ നിന്നായിരുന്നു ഫെബ്രുവരിയിൽ സാമ്പിൾ ശേഖരിച്ചത്. ജൂലൈയിൽ കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി തുടങ്ങിയ യിടങ്ങളിൽ നിന്നും സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിലെ കല്ലാട്, തളീക്കര, കുറ്റ്യാടി, പേരാമ്പ്ര, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി തുടങ്ങിയയിടങ്ങളിൽ നിന്നാണ് വവ്വാൽ സാമ്പിൾ ശേഖരിച്ചിരുന്നത്.