സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാമെങ്കിലും ഇത്തരം ചികിത്സകൾക്ക് പലരും തയ്യാറാകാത്തത് ഗൗരവകരമായി കാണണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ക്യാംപെയ്ൻ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്തനാർബുദം മൂലമുള്ള മരണം വർധിക്കുന്നതിനാലാണ് ക്യാംപെയ്നിന്റെ ആദ്യഘട്ടം സ്ത്രീകൾക്കായി മാറ്റിവച്ചത്. സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും ഉറപ്പാക്കും. ശൈലി ആപ്പ് വഴി നടത്തിയ സർവേയിൽ 11 ലക്ഷത്തോളം പേർക്ക് കാൻസർ സാധ്യത കണ്ടെത്തിയിരുന്നു. ഇവരിൽ 1.90 ലക്ഷം പേരാണു തുടർപരിശോധനയ്ക്കു തയാറായത്. രോഗസാധ്യത ഉണ്ടെന്നു തിരിച്ചറിഞ്ഞ ശേഷവും തുടർപരിശോധനയ്ക്കും തുടർചികിത്സയ്ക്കും നേരെ മുഖം തിരിക്കുന്നതു നമ്മുടെ നാടിനു ചേരുന്ന പ്രവണതയാണോയെന്ന് എല്ലാവരും ചിന്തിക്കണമെന്നും മുഖ്യമന്ത്രി തദവസരത്തിൽ ഓർമപ്പെടുത്തി.