ചൈനയിൽ ഹ്യൂമൻമെറ്റാന്യൂമോവൈറസ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ചൈനയിൽ ഹ്യൂമൻമെറ്റാന്യൂമോവൈറസ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. കഴിഞ്ഞ ആഴ്ചകളായി ചൈനയിൽ എച്ച്.എം.പി.വി. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോ​ഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോ​ഗം വിളിച്ചുചേർത്തു. അതിനെ തുടർന്ന് പുറത്തുവിട്ട പ്രസ്താവനയിലാണ് സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടനയോട് സമയബന്ധിതമായി വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ചൈനയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഥിതി അസാധാരണമായി കണക്കാക്കാനാവില്ല. നിലവിലെ രോ​ഗികളുടെ നിരക്കിന് പിന്നിൽ ഇൻഫ്ലുവൻസ വൈറസ്, ആർ.എസ്.വി., എച്ച്.എം.പി.വി. തുടങ്ങിയവയാണ്. സീസണലായി കണ്ടുവരുന്ന സാധാരണ രോ​ഗകാരികൾ തന്നെയാണ് ഇവയുടെ വർധനവിന് പിന്നിലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെ ആ​ഗോളതലത്തിൽ ഇതിനകം പ്രചാരത്തിലുള്ള വൈറസുകളാണ് ഇവയെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇൻഫ്ലുവൻസ രോ​ഗങ്ങൾ, ശ്വാസകോശസംബന്ധമായ രോ​ഗങ്ങൾ തുടങ്ങിയവ ഐ.സി.എം.ആർ., ഐ.ഡി.എസ്.പി. എന്നിവയ്ക്ക് കീഴിൽ ഇതിനകം പരിശോധിക്കുന്നുണ്ട്. ഇവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മേൽപ്പറഞ്ഞ രോ​ഗികളുടെ നിരക്കിൽ ക്രമാതീതമായ വർധനവ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോ​ഗ്യവകുപ്പ് കൂട്ടിച്ചേർത്തു.അഡിനോവൈറസ്, ആർ.എസ്.വി., എച്ച്.എം.പി.വി. എന്നിവയ്ക്കുള്ള പരിശോധനകളും ഐ.സി.എം.ആർ. നടത്തി വരുന്നുണ്ട്. എന്നാൽ ഇവയിലും നിലവിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാ​ഗമായി പരിശോധനകൾ കൂട്ടുന്നതിനായി ലബോറട്ടറികളിൽ കൂടുതൽ സൗകര്യമൊരുക്കുകയും വർഷംമുഴുവൻ എച്ച്.എം.പി.വി.യുടെ നിരക്ക് നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ ആരോ​ഗ്യസംവിധാനം ഏതുസാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്നും നിരീക്ഷണം ശക്തമായി തുടരുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.