വിദ്യാര്‍ഥികളിലെ ക്ഷയരോഗം കണ്ടെത്തുന്നതിനായി ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു റിപ്പോര്‍ട്ട്

വിദ്യാര്‍ഥികളിലെ ക്ഷയരോഗം കണ്ടെത്തുന്നതിനായി ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു റിപ്പോര്‍ട്ട്. കുട്ടികള്‍ക്കോ വീട്ടിലുള്ള മറ്റംഗങ്ങള്‍ക്കോ രോഗലക്ഷണമുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധനയ്ക്കെത്താന്‍ സ്‌കൂള്‍ അസംബ്ലിയിലൂടെ അറിയിക്കും. ക്രിസ്മസ് അവധികഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലെത്തിയാലുടന്‍ ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങും. അടുത്തവര്‍ഷം മുതല്‍ ‘പ്രതീക്ഷ’ എന്ന പേരില്‍ പ്രത്യേക പദ്ധതിയും ക്ഷയരോഗനിര്‍മാര്‍ജനത്തിനായി സ്‌കൂളുകളില്‍ നടപ്പാക്കും. ജില്ലയില്‍ 11 വിദ്യാര്‍ഥികളിലാണ് ഇക്കൊല്ലം ക്ഷയരോഗം കണ്ടെത്തിയത്. രണ്ടുകുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. ശരീരഭാരസൂചിക 18.5-ല്‍ താഴെയുള്ളവരും മറ്റുരോഗമുള്ളവരുമായ കുട്ടികളിലാണ് ക്ഷയരോഗം എളുപ്പം പിടിപെടുന്നതായി വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ശ്വാസകോശത്തെയാണ് പ്രധാനമായും ക്ഷയരോഗം ബാധിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ പടരുമെന്നതിനാലാണ് സ്‌കൂളുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. സ്‌കൂളുകള്‍ക്കുപുറമേ അനാഥ-അഗതി മന്ദിരങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശമാരുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്നുള്ളവരുടെ വിവരം ശേഖരിക്കും. രോഗലക്ഷണമുള്ളവര്‍ക്ക് ജനകീയ ആരോഗ്യകേന്ദ്രങ്ങളിലായിരിക്കും പരിശോധന.