ലോകത്തെ ആദ്യ ചിക്കന്‍ഗുനിയ വാക്‌സിന്‍ ‘ഇക്‌സ്ചിക്’ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഫ്രഞ്ച് മരുന്നു കമ്പനി ‘വാല്‍നേവ എസ് ഇ ‘ വികസിപ്പിച്ച ലോകത്തെ ആദ്യ ചിക്കന്‍ഗുനിയ വാക്‌സിന്‍ ‘ഇക്‌സ്ചിക്’ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നിര്‍മിച്ച് നല്‍കുന്നതിനായുള്ള കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. വാല്‍നേവ ചിക്കുന്‍ഗുനിയ വാക്‌സിന്റെ ഡ്രഗ് എസ്‌ഐഐയ്ക്ക് നല്‍കും. ഇത് ഉപയോഗിച്ച് എസ്‌ഐഐ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കാനാണ് ധാരണയായിരിക്കുന്നത്. നിലവില്‍ അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളില്‍ മുതിര്‍ന്നവരില്‍ ഇത് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പേശികളില്‍ കുത്തിവയ്ക്കുന്ന ഒറ്റ ഡോസ് മരുന്നാണിത്. എന്നാല്‍ 12 വയസുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് പഠനങ്ങളും അവലോകനങ്ങളും നടക്കുകയാണ്. ഭാവിയില്‍ വാണിജ്യ രീതിയില്‍ വാക്സിന്‍ ഉത്പാദിപ്പിക്കാനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. 2019 ജനുവരി മുതല്‍ 2024 ജൂലൈ വരെ ഇന്ത്യയില്‍ ഏകദേശം 3,70,000 ചിക്കന്‍?ഗുനിയ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറല്‍ രോഗമാണ് ചിക്കന്‍ഗുനിയ. പനി, സന്ധിവേദന, തലവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണം. വിട്ടുവിട്ടുള്ള സന്ധി വേദന ആഴ്ചകള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്.