ജയ്പുരിൽ പെട്രോൾ പമ്പിനു സമീപം ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 മരണം

ജയ്പുരിൽ പെട്രോൾ പമ്പിനു സമീപം ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 5 മരണം. പുലർച്ചെ അഞ്ചരയോടെ ഒരു ട്രക്ക് മറ്റു ട്രക്കുകളുമായി കൂട്ടിയിടിച്ചതിനു പിന്നാലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സിഎൻജി ടാങ്കറിന് തീപിടിച്ചതാണ് അപകട കാരണം. അപകടത്തിന് കാരണമായ ട്രക്ക് രാസവസ്തു നിറച്ചതായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 24 പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിൽ 30 ട്രക്കുകളാണ് കത്തിനശിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ദുരിതബാധിതരെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു.