മരണശേഷമുള്ള അവയവദാനത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ തുറന്നുപറയുകയും, മാതൃകയാകുകയും ചെയ്തിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദീപാറാണി

മരണശേഷമുള്ള അവയവദാനത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ തുറന്നുപറയുകയും, മാതൃകയാകുകയും ചെയ്തിരിക്കുകയാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദീപാറാണി. അവയവദാനത്തിന് വേണ്ടിയുള്ള തന്റെ ഓണ്‍ലൈനിലെ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ ഓര്‍ഗന്‍ ഡോണര്‍ രജിസ്ട്രിയിലൂടെ ഇവര്‍ പൂര്‍ത്തിയാക്കി. മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞ ശേഷം ദീപാറാണി, തന്റെ സന്നദ്ധത അറിയിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് ആദ്യം സമീപിച്ചത്. തുടര്‍ന്ന് മൃതസഞ്ജീവനിയുടെ നോര്‍ത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ ഡോ. ജയകുമാര്‍.ഇ.കെ, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍കുമാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ ശീര്‍ഷ എന്നിവരുടെ സഹായത്തോടെ ദീപാറാണി ഓണ്‍ലൈനില്‍ അവയവദാനത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ ദീപാറാണി മോഡലും, നടിയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സറും, മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമാണ്. 2020-ല്‍ സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി കോണ്‍ടെസ്റ്റില്‍ വിജയിയാകുന്നതിനൊപ്പം, ദീപാറാണി ഇതിനകം തന്നെ മൂന്ന് സിനിമകളിലും അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. അവയവദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിനു നല്കാന്‍ തന്റെ മികച്ച തീരുമാനത്തിലൂടെ വലിയ സംഭാവനയാണ് ദീപാറാണി നല്‍കിയിരിക്കുന്നത്.