സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഉപയോഗമാണ് ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 19 മുതല്‍ 25 വരെ പ്രായമുള്ളവരിലാണ് എച്ച്.ഐ.വി കൂടുതായി കണ്ടുവരുന്നത്. സംസ്ഥാനത്ത് പരിശോധന കൂടുകയും ആകെ പോസിറ്റീവ് കേസുകള്‍ കുറയുമ്പോഴും ചെറുപ്പക്കാര്‍ക്കിടയില്‍ രോഗ വ്യാപനം കൂടുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തുന്നതിനുപുറമേ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും എച്ച്.ഐ.വി പകരാന്‍ കാരണമാകുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. യുവജനങ്ങള്‍ക്കിടയില്‍ അവബോധം കൂട്ടാനായി എന്‍.എസ്.എസും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ചേര്‍ന്ന് കാമ്പയിന് ആരംഭിച്ചിട്ടുണ്ടെന്ന് ബോധവത്കരണ വിഭാഗം ജോയന്റ് ഡയറക്ടര്‍ രശ്മി മാധവനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.