ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ച സംഭവത്തില്‍ ആരോപണവിധേയമായ രണ്ട് സ്കാനിങ് സെന്ററുകള്‍ പൂട്ടിച്ച് ആരോഗ്യവകുപ്പ്. സംഭവത്തില്‍ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് 2 സ്വകാര്യ സ്കാനിങ് സെന്ററുകള്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങളോടെ ജനിച്ച കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ ആയിരുന്നപ്പോള്‍ രണ്ടിടത്തും സ്കാന്‍ ചെയ്തിരുന്നു. പരിശോധന നടത്തിയവര്‍ക്കു ജാഗ്രതക്കുറവുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. നിയമം അനുസരിച്ച് സ്കാനിങ് ചെയ്യുന്ന റേഡിയോളജിസ്റ്റുകള്‍ക്ക് പ്രത്യേക റജിസ്ട്രേഷന് വേണം. രണ്ടിടത്തെയും റേഡിയോളജിസ്റ്റുകള്‍ ആ നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്താകെയുള്ള സ്ഥാപനങ്ങളുടെ റജിസ്ട്രേഷനും പരിശോധനയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്ശനമാക്കിരിക്കുകയാണ് ആരോഗ്യ വകുപ്പ്.