ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പറയാറുള്ളത്. എന്നാൽ ഫ്രിഡ്ജിൽ വെക്കുന്ന ചോറ് ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണെന്നു വ്യക്തമാക്കി വിദഗ്ധർ. അതതു ദിവസം പാകം ചെയ്യുന്ന ചോറിനേക്കാൾ ഗുണമുള്ളതാണ് ഫ്രിഡ്ജിൽ വെക്കുന്ന ചോറ്. ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതൽ ആരോഗ്യപ്രദമായി മാറും.
മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് ഇൻഡക്സും താരതമ്യേന കുറവായിരിക്കും. പ്രമേഹ രോഗികൾക്ക് ഇത് ഏറെ ഫലപ്രദമാണെന്നും 12 മുതൽ 24മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും എന്നും, ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് ന്യൂട്രിഷ്യൻ വിദഗ്ധനായ രാൾസ്റ്റൻ ഡിസൂസ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് സഹായകമായ ബാക്ടീരിയകളും അടങ്ങിയതിനാൽ വൻകുടൽ അർബുദം പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു. മാത്രമല്ല, ഫ്രിഡ്ജിൽ വെച്ച ചോറ് എളുപ്പം ദഹിക്കുകയും ചെയ്യും. കാരണം വളരെ കുറഞ്ഞ കലോറിയായിരിക്കും അതിലുണ്ടാവുക. ഭാരം കുറക്കാനും ഇത്തരം ചോറ് സഹായിക്കും. ഫ്രിഡ്ജിൽ വെച്ച ചോറ് വീണ്ടും തിളപ്പിക്കുമ്പോൾ അതിന്റെ ഗുണങ്ങൾ നഷ്ടപ്പെടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.