മധുരം കഴിച്ചാൽ മാത്രമേ പ്രമേഹം വർധിക്കൂ എന്നാണ് പലരും കരുതുന്നത്. എന്നാൽ, മധുരം മാത്രമല്ല അമിതമായി ഉപ്പ് കഴിച്ചാലും പ്രമേഹം വർധിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയുകയാണ് പുറത്തുവരുന്ന ഒരു പഠനം. ജേണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉപ്പിലെ സോഡിയമാണ് പ്രമേഹത്തിനു കാരണമാകുന്നത്. അമിതമായ സോഡിയം ശരീരത്തിൽ ദ്രാവകം നിലനിർത്താൻ ഇടയാക്കും. ഇത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുള്ള ആളുകൾക്ക് വളരെയധികം ദോഷം ചെയ്യും. ഇത് പാദങ്ങളിൽ വീക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. സോഡിയം രക്താതിമർദ്ദത്തിനും കാരണമാകുന്നു. ഇത് പ്രമേഹരോഗിക്ക് വളരെ അപകടകരമാണെന്നും വിദഗ്ധർ പറയുന്നു. ഉപ്പ് കഴിക്കുന്നതിലൂടെ പ്രമേഹം നേരിട്ട് സാധ്യമല്ലെങ്കിലും ഉപ്പിലെ അമിതമായ സോഡിയം പ്രമേഹരോഗികൾക്ക് അപകടകരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും എന്നും ഗവേഷകർ പറയുന്നു.