കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടയെല്ല് പൊട്ടിയ യുവാവിന്റെ ശസ്ത്രക്രിയ മാറ്റിവെച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഡിസംബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നാദാപുരം സ്വദേശി അശ്വിന്റെ അടിയന്തര ശസ്ത്രക്രിയയാണ് യാതൊരു മുന്നറിയി്പപുമില്ലാതെ മൂന്ന് ദിവസത്തേക്ക് മാറ്റിയത്. ശസ്ത്രക്രിയ അവസാന നിമിഷം മാറ്റിയതിനെ തുടർന്ന് യുവാവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി എന്നാണ് പരാതി. ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മജ്ജ രക്തത്തിലേക്കിറങ്ങിയാണ് യുവാവ് ഗുരുതരാവസ്ഥയിലായത്. തുടർന്ന് അശ്വിനെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.