ചെന്നെയില്‍ പത്ത് മാസത്തെ തീവ്ര പരിചരണത്തിലൂടെ ജീവിതത്തിലേയ്ക്ക് താന്‍ തിരിച്ചുകൊണ്ടുവന്ന കുട്ടിക്കുരങ്ങനെ വിട്ടുകിട്ടണമെന്ന മൃഗഡോക്ടറുടെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. വന്യമൃഗങ്ങള്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും വ്യക്തിക്ക് അവയെ കൈമാറാനാവില്ലെന്നും ജസ്റ്റിസ് സി. വി കാര്ത്തികേയന് വ്യക്തമാക്കി. നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുരങ്ങിനെ 203 ഡിസംബറിലാണ് മൃഗഡോക്ടറായ വെള്ളയപ്പന് ലഭിക്കുന്നത്. ആക്രമണത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നുപോയ കുരങ്ങിനെ മുതലാളി എന്ന പേര് നല്കി അദ്ദേഹം മാസങ്ങളോളം പരിചരിച്ചു. ആരോഗ്യം വീണ്ടുകിട്ടി തുടങ്ങിയതോടെ വനംവകുപ്പ് അധികൃതര്‍ എത്തി കഴിഞ്ഞ ഒക്ടോബറില്‍ കുരങ്ങിനെ വണ്ടൂര്‍ മൃഗശാലയിലേയ്ക്ക് മാറ്റി. എന്നാല്‍ കുരങ്ങിന് പൂര്‍ണമായും ആരോഗ്യം തിരിച്ച് കിട്ടിയിട്ടില്ലെന്നും, തുടര്‍ചികിത്സയ്ക്കായി വിട്ടുതരണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടര്‍ കോടതിയെ സമീപിച്ചത്.