24 മണിക്കൂറുകൾക്കകം ആറ് സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയായതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

24 മണിക്കൂറുകൾക്കകം ആറ് സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയായതിന് പിന്നാലെ ദാരുണാന്ത്യം സംഭവിച്ച യുവതിയേക്കുറിച്ചുള്ള വാർത്തയാണിപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലെ ഗുയിഗാങ് സ്വദേശിനിയായ ലിയു എന്ന 32 കാരിക്കാണ് സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജീവൻ നഷ്ടപ്പെട്ടത്. 2020 ഡിസംബറിലായിരുന്നു സംഭവം. മൂക്കിനും കൺപോളയ്ക്കുമുള്ള ശസ്ത്രക്രിയകളായിരുന്നു ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. ഏകദേശം അഞ്ചുമണിക്കൂർ ഇത് നീണ്ടുനിന്നെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് പിറ്റേന്ന് രാവിലെ, തുടയിൽനിന്ന് വലിച്ചെടുത്ത കൊഴുപ്പ് മുഖത്തും മാറിടത്തിലും കുത്തിവെക്കുന്ന ലിപോസക്ഷൻ ശസ്ത്രക്രിയയ്ക്കും ലിയു വിധേയയായി. ഡിസംബർ 11-ന് ഡിസ്ചാർജ് ആയ ലിയു, ക്ലിനിക്കിലെ ലിഫ്റ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ലിയുവിന്റെ നില ഗുരുതരമായി. മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് വൈകുന്നേരത്തോടെ മരണം സംഭവിച്ചു. നാല്‍പ്പതിനായിരത്തിലധികം യുവാന്‍ ലോണ്‍ എടുത്താണ് ലിയു സൗന്ദര്യവര്‍ധക ശസ്ത്രക്രിയക്കായി ദക്ഷിണ ചൈനയിലെ നാനിങ്ങിലെ ക്ലിനിക്കിലേക്ക് 2020 ഡിസംബര്‍ ഒന്‍പതാം തീയതി എത്തിയത്. ലിയുവിന്റെ മരണത്തെ തുടർന്ന് 1.19 ദശലക്ഷം യുവാന്‍ നഷ്ടപരിഹാരം തേടി ലിയുവിന്റെ കുടുംബം കോടതിയെ സമീപിച്ചു. 4 വർഷങ്ങൾക്ക് ശേഷമാണ് നഷ്ടപരിഹാര തുക 590,000 യുവാന്‍കുടുംബത്തിന് നല്‍കാന്‍ കോടതി വിധി വന്നത്. പൾമണറി എംബോളിസമാണ് ലിയുവിന്റെ മരണത്തിന് കാരണമെന്നും ലിപോസക്ഷനെ തുടർന്നാണ് ഇത്തരമൊരു അവസ്ഥ ലിയുവിന് ഉണ്ടായതെന്നും പോസ്റ്റ് മോർട്ടത്തിൽ. വ്യക്തമായിരുന്നു.