അടുത്തിടെയാണ് ഹോളിവുഡ് നടി ഒലിവിയ മൺ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രം പേജിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ സ്തനാർബുദ ശസ്ത്രക്രിയയ്ക്കുശേഷം പാടുകളുള്ള ശരീരത്തിന്റെ ചിത്രങ്ങളാണ് തരാം പങ്കുവെച്ചിരിക്കുന്നത്. സ്കിംസ് എന്ന ബ്രാൻഡിന്റെ ക്യാംപയിൻ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണിത്. തന്റെ ശരീരത്തിലെ മാസക്ടമിയുടെ പാടുകളിൽ അരക്ഷിതാവസ്ഥയുമായി മുന്നോട്ടു പോകുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് ഒലിവിയ പോസ്റ്റിൽ കുറിച്ചത് . ശരീരത്തിൽ അവശേഷിപ്പിച്ചിരിക്കുന്ന ഓരോ അടയാളങ്ങളും താൻ എത്രത്തോളം കഠിനമായി പോരാടിയെന്നതിന്റെ തെളിവുകളാണെന്നും ഒലിവിയ വ്യക്തമാക്കി. ബയോപ്സി ചെയ്ത് മുപ്പതുദിവസത്തിനുള്ളിൽ ഇരുസ്തനങ്ങളും നീക്കംചെയ്തുവെന്ന് ഒലിവിയ നേരത്തേ വ്യക്തമാക്കിരുന്നു. മുപ്പതുകഴിഞ്ഞാൽ ഡോക്ടർമാരോട് സ്തനാർബുദസാധ്യത പരിശോധിക്കാൻ ആവശ്യപ്പെടണമെന്നും അത് ഇരുപതുശതമാനത്തിനു മുകളിലാണെങ്കിൽ എല്ലാവർഷവും മാമോഗ്രാമും സ്തനത്തിന്റെ എം.ആർ.ഐ.യും ചെയ്യണമെന്നും ഒലിവിയ കൂട്ടിച്ചേർത്തു. സ്തനാർബുദം നേരത്തേ കണ്ടെത്താൻ കഴിഞ്ഞതാണ് തന്റെ ജീവൻ നിലനിർത്താൻ കാരണമായതെന്ന് താരം വ്യക്തമാക്കി. തങ്ങളുടെ ശരീരത്തിലെ പാടുകളേയോർത്ത് ആകുലപ്പെടുന്ന സ്ത്രീകൾ ഈ ചിത്രങ്ങൾ കാണുകയും താൻ പകരുന്ന സ്നേഹമെല്ലാം അനുഭവിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒലിവിയ തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു.