ഇന്ത്യയിൽ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഹെൽത്ത് എ.ടി.എമ്മുകൾ. ഹെൽത്ത് എ.ടി.എം എന്ന ആശയത്തിന് പിന്നിൽ റൂർക്കി സ്വദേശിയായ അഭയ് അഗർവാളാണ്. ഹെൽത്ത് എടിഎം പ്ലാറ്റ്‌ഫോം വഴി ആരോഗ്യ സേവനങ്ങളിലെ വിടവുകൾ നികത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ‘ക്ലിനിക്സ് ഓൺ ക്ലൗഡ്’ സ്ഥാപകനും സിഇഒയുമായ അഭയ് വ്യക്തമാക്കി. ഹെൽത്ത് എടിഎമ്മുകൾ വഴി രോഗികൾക്ക് താങ്ങാവുന്ന നിരക്കിൽ ആരോഗ്യ പരിശോധനകൾ വളരെ വേഗത്തിൽ ലഭ്യമാക്കി കൊണ്ട് ആഗോളതലത്തിൽ രോഗത്തിൻറെയും ആരോഗ്യ സംരക്ഷണ ചെലവുകളുടെയും ഭാരം ലഘൂകരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭയ് വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലുടനീളം 2,500-ലധികം ഹെൽത്ത് എടിഎമ്മുകൾ ഇവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഹെൽത്ത് എടിഎമ്മിനും 10 മിനിറ്റിനുള്ളിൽ 60-ലധികം ആരോഗ്യ പരിശോധനങ്ങൾ നടത്തി വിവരങ്ങൾ നൽകാൻ സാധിക്കും. ആഫ്രിക്ക, ഫിലിപ്പീൻസ്, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളിലും ഈ സേവനം നൽകി വരുന്നു.