കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായി ജയില്‍ മോചിതരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കും സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷങ്ങളോടെ വന്‍ വരവേല്‍പ്പ്. തന്റെ അറസ്റ്റ് സംബന്ധിച്ചും പിന്നാലെ കോടതി നടത്തിയ പരാമര്‍ശങ്ങളെ ഉദ്ധരിച്ചും നിരപരാധിത്വം ബോധ്യപ്പെടുത്തുംവിധം രാഹുല്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അസഭ്യവര്‍ഷങ്ങളുടെയും അശ്ലീല കമന്റുകളുടെയും പെരുമഴ എത്തിയത്.
‘തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ല. ഇത്തരം ഗൗരവമേറിയ ഒരു കുറ്റകൃത്യ ത്തില്‍ ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആര്‍ക്കും വേണ്ടിയല്ല ഇതെഴുതുന്നത്. ബോധപൂര്‍വം ഒരു ഇമേജ് സൃഷ്ടിച്ചു അതില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല. നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നും അതില്‍ അസഹിഷ്ണുത ഉള്ളവര്‍ ദയവായി ഞങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക.’. ഇങ്ങനെ പോകുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോഴിക്കോട് ഡൗണ്‍ടൗണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതിനെതിരെ ഉയര്‍ന്നുവന്ന വലിയ പ്രതിഷേധങ്ങളിലൊന്നായിരുന്നു കിസ് ഓഫ് ലവ്. കപട സദാചാരത്തിനെതിരെ കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലവ് സംഗമം വലിയ ചര്‍ച്ചകള്‍ക്കാണ് കേരളത്തില്‍ വഴിവെച്ചത്. ഈ സമരത്തിന്റെ മുന്‍നിരയിലകയിരുന്നു രാഹുലും ഭാര്യ രശ്മിയും. എന്നാല്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഇരുവരും പിന്നീട് അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പെണ്‍വാണിഭാത്തിന് ഉപയോഗിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരെ കേസ്.