മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് നമ്മുടെ ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന മായങ്ങളെ കുറിച്ചാണ് കേട്ടോ.. ഇന്ന് ഒരു ഉല്പന്നത്തിന്റെ വിപണി കൂടുന്നതനുസരിച് മായം കലർത്തലും വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കലും വരെ സാധാരണമായിരിക്കുകയാണ്. നമ്മൾ പ്രതീക്ഷിക്കാത്ത പല വിഭവങ്ങളിലും മായം കലർന്ന് വരുന്നുണ്ട് എന്നതാണ് സത്യം. കുക്കിംഗ് ഓയിലുകൾ, കുരുമുളക്, തേയില അഥവാ ചായപ്പൊടി എന്നിവയിലെ മായം കണ്ടെത്തുന്നതിനായി ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുള്ള മാർഗ്ഗങ്ങൾ നോക്കാം.
വലിയ രീതിയിൽ മായം കലരുന്നൊരു ഉത്പന്നമാണ് തേയില. മായത്തെക്കാൾ ചീത്തയായ തേയിലയാണ് കൂടുതലും കലർത്തുന്നത്. ഇത് തിരിച്ചറിയാൻ വീട്ടിൽ തന്നെ ചെയ്യാം ഒരു പൊടിക്കൈ. ഒരു ഫിൽറ്റർ പേപ്പർ ഇതിനായി എടുക്കണം. ഇതിന്മേൽ അൽപം തേയില വിതറണം. ശേഷം ഇതിന് മുകളിലായി അൽപം വെള്ളം തളിക്കണം. ഇനിയിത് ടാപ്പ് തുറന്ന് റണ്ണിംഗ് വാട്ടറിൽ തേയിലയുടെ അംശം പോകുന്നത് വരെ കാണിക്കണം. ശേഷം ഫിൽറ്റർ പേപ്പർ വെളിച്ചത്തിൽ പിടിച്ചുനോക്കുമ്പോൾ അതിൽ കറുത്തതോ ബ്രൗൺ നിറത്തിലോ കറ പോലെ കാണുകയാണെങ്കിൽ തേയിലയിൽ മായമുള്ളതായി മനസിലാക്കാം.
കുരുമുളകിലും മായം വരുമെന്ന് പലരും ചിന്തിക്കാത്തതാണ്. എന്നാൽ കുരുമുളകിലും മായം ചേർക്കാറുണ്ട്. ഇത് മനസിലാക്കാൻ വളരെ ലളിതമായൊരു പരിശോധനയേ വേണ്ടൂ. പരന്ന, കട്ടിയുള്ള പ്രതലത്തിലേക്ക്- ടേബിൾ പോലുള്ള സ്ഥലമാണ് നല്ലത് ഏതാനും കുരുമുളക് വിതറിയിടാം. ഇനി.തള്ള വിരൽ മാത്രമുപയോഗിച്ച് ഇത് പ്രസ് ചെയ്തുനോക്കണം. കുരുമുളക് ആണെങ്കിൽ തള്ളവിരലിൻറെ മാത്രം ശക്തിയിൽ പൊളിഞ്ഞുവരില്ല. അത്ര ഉറപ്പുണ്ടാകും അതിന്. മായമുണ്ടെങ്കിൽ തള്ളവിരൽ കൊണ്ട് അമർത്തുമ്പോഴേ പൊട്ടിപ്പോകാം.
പാചകത്തിന് നിത്യവും നാമുപയോഗിക്കുന്ന ചേരുവയാണ് എണ്ണ. ഏത് തരം എണ്ണയും ഇതിനായി എടുക്കാം. ഇതിൽ മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അൽപം എണ്ണയെടുത്ത് ചില്ലിൻറെ ബൗളിലോ ഗ്ലാസിലോ പകരണം. ഇതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കണം. ഇനിയിതിൽ നിറം മാറ്റം വരുന്നുണ്ടോ എന്ന് പരിശോധിക്കണം. നിറം മാറ്റം വരുന്നുണ്ടെങ്കിൽ എണ്ണയിൽ മായം കലർന്നതായി മനസിലാക്കാം.
കൂടുതൽ ഹെൽത്ത് ടിപ്സിനായി ഡോക്ടർ ലൈവ് tv follow ചെയ്യാൻ മറക്കണ്ട.