മദ്യപാനം മൂലം കാൻസർ വരാനുള്ള സാധ്യകളെക്കുറിച്ച് വിശദമാക്കുന്ന പഠന റിപ്പോർട്ട് ആണിപ്പോൾ പുറത്ത് വരുന്നത്

മദ്യപാനം മൂലം കാൻസർ വരാനുള്ള സാധ്യകളെക്കുറിച്ച് വിശദമാക്കുന്ന പഠന റിപ്പോർട്ട് ആണിപ്പോൾ പുറത്ത് വരുന്നത്. അമേരിക്കൻ അസോസിയേഷൻ ഓഫ് കാൻസർ റിസർച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാൻസറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. തല, കഴുത്ത്, അന്നനാളം, സ്തനങ്ങൾ, കരൾ, ഉദരം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളിൽ മദ്യപാനം മൂലം കാൻസർ വരാനുള്ള സാധ്യകളെക്കുറിച്ചാണ് പഠനം വിശദമാക്കുന്നത്. മദ്യപാനം മൂലം ഭക്ഷണത്തിലെ പോഷകാംശങ്ങൾ സ്വാംശീകരിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടൊപ്പം ഹോർമോൺ സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. യുവാക്കളായ മദ്യപാനികളിൽ മധ്യവയസ്സോടെ കാൻസർ പടരാനുള്ള സാധ്യത ഏറുന്നു. ഗർഭിണികളായ സ്ത്രീകളിൽ മദ്യപാനശീലം മൂലം നവജാത ശിശുക്കൾക്ക് ലൂക്കീമിയയുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം എല്ലാ മദ്യപാനികൾക്കും കാൻസർ വന്നുകൊള്ളണമെന്നില്ല, പല ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. ഏതുതരം മദ്യമാണ് കാൻസറിലേക്ക് നയിക്കുന്നതെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ നിലവിലില്ലെങ്കിലും മദ്യത്തിലടങ്ങിയിട്ടുള്ള എഥ്‌നോൾ ആണ് കാൻസറിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മദ്യത്തിന്റെയും കാൻസറിന്റെയും അപകടകരമായ ബന്ധത്തെക്കുറിച്ച് പൊതു അവബോധം നൽകേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് അമേരിക്കൻ അസോസിയേഷൻ ഓഫ് കാൻസർ റിസർച്ച് വ്യക്തമാക്കുന്നത്.