സംസ്ഥാനത്ത് പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട്‌ ഒന്നരമാസമായതായി റിപ്പോർട്ട്

സംസ്ഥാനത്ത് വൃക്കരോഗികൾക്ക് വീട്ടിൽത്തന്നെ സ്വയം ഡയാലിസിസ് സാധ്യമാക്കുന്ന പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗജന്യ മരുന്നുവിതരണം നിലച്ചിട്ട്‌ ഒന്നരമാസമായതായി റിപ്പോർട്ട്. പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നവർക്ക് ആവശ്യമായ ഫ്ലൂയിഡ് ബാഗുകളും അനുബന്ധ ഉപകരണങ്ങളും ഒരുമിച്ച് ജില്ലാ ആശുപത്രികളിൽനിന്ന് സൗജന്യമായി നൽകുന്നതായിരുന്നു പദ്ധതി. വിതരണം ചെയ്തിരുന്ന കമ്പനിക്ക് ഏഴുകോടിയോളം രൂപ കുടിശ്ശിക നൽകാൻ ഉണ്ടെന്നാണ് കമ്പനിയുടെ വാദം. സാമ്പത്തികബാധ്യത ഉണ്ടാക്കുന്നെന്ന കാരണത്താൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള രോഗികൾക്കു മാത്രമായി സൗജന്യ മരുന്നുവിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. തീരുമാനം നടപ്പായാൽ സൗജന്യമായി മരുന്നുലഭിച്ചിരുന്നവരിൽ പകുതിയോളം പേർക്കും ഇനി മരുന്നു കിട്ടില്ല. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരെ സാമ്പത്തികശേഷി അനുസരിച്ച് രണ്ടായി തിരിക്കാൻ ജില്ലാ നോഡൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.