ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും കായികാധ്വാനം ചെയ്യാത്തവരാണെന്ന് ലോകാരോഗ്യ സംഘടന. 2010നും 2022നും ഇടയില്‍ വ്യായാമം ചെയ്യാത്തവരുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധനവുണ്ടായതായും ചില രാജ്യങ്ങളില്‍ വ്യായാമം ചെയ്യാത്ത പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ എണ്ണം വളരെ മുന്നിലാണെന്നും ഡബ്‌ള്യു.എച്ച്.ഒ ചുണ്ടിക്കാണിക്കുന്നു. വ്യായാമം ഇല്ലായ്മ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം ഗുരുതര രോഗ സാധ്യതയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷാഘാതം, ടൈപ്പ് 2 ഡയബെറ്റ്‌സ് എന്നിവയ്ക്ക് പുറമെ ചില ക്യാന്‍സര്‍ രോഗങ്ങളും ഇത്തരക്കാരെ എളുപ്പത്തില്‍ ബാധിച്ചേക്കാം. വ്യായാമത്തിന്റെ കാര്യത്തില്‍ ആഫ്രിക്കന്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഏറെ മുന്നിലാണ്. ലോകത്തുതന്നെ സ്ത്രീകളിലും 60 വയസ്സിന് മുകളിലുള്ളവരിലും വ്യായാമ പ്രവര്‍ത്തനങ്ങള്‍ കുറവാണെന്നും പഠനം അടിവരയിടുന്നു. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് ഡബ്‌ള്യു.എച്ച്.ഒ നിര്‍ദ്ദേശിക്കുന്നത്.