എച്ച്.ഐ.വി ബാധിക്കാതിരിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകര്‍. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂര്‍ണസുരക്ഷയൊരുക്കാന്‍ സാധിക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയം കണ്ടതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലും യുഗാണ്ഡയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി. അണുബാധ നിലവില്‍ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് നല്കുന്ന പ്രി-എക്സ്പോഷര്‍ പ്രൊഫൈലാക്സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. രോഗം കൂടുതലായി പടരുന്നതായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ഗിലിയഡ് സയന്‍സസ് എന്ന യു.എസ്. കമ്പനി പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. നിലവില്‍ രണ്ടുതരം ഗുളികകളാണ് ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നത്. രോഗബാധാ സാധ്യതയുള്ളവര്‍ ഗുളിക നിത്യവും കഴിക്കേണ്ടതുമുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഇത്തരം ഗുളികളെക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് പരീക്ഷണം വ്യക്തമാക്കുന്നു. 5000 സ്ത്രീകളിലാണ് പുതിയ മരുന്ന് പരീക്ഷച്ചത്. ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര് എച്ച്.ഐ.വി. അണുബാധിതരാകുന്നതായാണ് കണക്ക്.