സ്വയം ശരീരത്തിൽ മദ്യം ഉത്പാദിപ്പിക്കുന്ന അപൂർവ അവസ്ഥയുമായി കാനഡയിൽ നിന്നൊരു സ്ത്രീ. ടൊറന്റോ, മൗണ്ട് സിനായ് സർവകലാശാലകളിലെ ഡോക്ടർമാരാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഓട്ടോ ബ്ര്യൂവറി സിൻഡ്രോം എന്നാണ് അമ്പതുകാരിയുടെ ഈ അവസ്ഥയ്ക്ക് ഡോക്ടർമാർ പേരുനൽകിയിരിക്കുന്നത്. വയറിലുള്ള ഒരുതരം ഫംഗസുകളാണ് ഇവരുടെ ശരീരത്തിൽ ആൽക്കഹോൾ ഉത്പാദനത്തിന് കാരണമാകുന്നത്. രണ്ടു വർഷത്തോളമായി പകൽ സമയങ്ങളിൽപ്പോലും കടുത്ത ഉറക്കക്ഷീണവും, അവ്യക്തമായ സംസാരവുമൊക്കെയായാണ് ഇവർ ജീവിച്ചത്. മദ്യപിച്ചില്ലെങ്കിൽപ്പോലും രക്തത്തിലും ശ്വാസത്തിലും ആൽക്കഹോളിന്റെ സാന്നിധ്യം ഡോക്ടർ കണ്ടെത്തുകയും ചെയ്തിരുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേർണലിൽ അമ്പതുകാരിയായ ഈ യുവതിയുടെ കേസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മധുരമാർന്നതും അന്നജമടങ്ങിയതുമായ ആഹാരപദാർഥങ്ങളെ ശരീരം മദ്യമാക്കിമാറ്റുന്ന അപൂർവ അവസ്ഥയാണ് ഓട്ടോ ബ്ര്യൂവറി സിൻഡ്രോം. മദ്യപിക്കാതെതന്നെ മദ്യപിച്ചതുപോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുകയാണ് ഇവിടെ സംഭവിക്കുന്നത്.