കാറിനുള്ളിൽ ഇരിക്കുമ്പോൾ യാത്രക്കാർ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്ന്‌ പഠന റിപ്പോർട്ട്

കാറിനുള്ളിൽ ഇരിക്കുമ്പോൾ യാത്രക്കാർ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്ന്‌ പഠന റിപ്പോർട്ട്. എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2015-നും 2022-നും ഇടയിൽ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. മിക്ക കാറുകളിലും , TDCIPP ,TCEP എന്നീ രണ്ട് ഫ്ലെയിം റിട്ടാർഡന്റുകളുണ്ടെന്നും ഇവ കാൻസറിന് കാരണമാകുന്നവയാണെന്നും ഗവേഷകർ കണ്ടെത്തി. മാത്രമല്ല ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ​ഗവേഷകർ പറയുന്നു. ക്യാബിൻ എയറിലുള്ള കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ ഉറവിടം സീറ്റ് ഫോമിൽ നിന്നാണെന്നും ​ഗവേഷകർ പറയുന്നുണ്ട്. തീപിടിത്ത സാധ്യത ഒഴിവാക്കാനാണ് നിർമാതാക്കൾ സീറ്റ് ഫോമുകളിൽ ഈ കെമിക്കലുകൾ ചേർക്കുന്നത്. ഇത്തരം ടോക്സിക്കായ ഫ്ലെയിം റിട്ടാർ‍ഡെന്റുകൾ യഥാർഥത്തിൽ ​കാറിനുള്ളിൽ പ്രത്യേക ​ഗുണങ്ങളൊന്നും നൽകുന്നില്ലെന്നും ​ഗവേഷകർ പറയുന്നുണ്ട്. ഈ കെമിക്കലുകളിൽ നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷനേടാനുള്ള വഴിയേക്കുറിച്ചും ​ഗവേഷകർ പറയുന്നുണ്ട്. കാറിലെ വിൻഡോകൾ തുറന്നുവച്ചും തണലുകളിലോ ​ഗാരേജുകളിലോ പാർക്ക് ചെയ്തുമൊക്കെ മേൽപ്പറഞ്ഞ കെമിക്കലുകളുടെ പ്രവാഹം കുറയ്ക്കാമെന്നാണ് പഠനത്തിൽ പറയുന്നത്. കാലിഫോർണിയയിലെ ​ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.