കാൻസർ പ്രതിരോധത്തിൽ വിപ്ലവകരമായ കണ്ടെത്തലുമായി ഇന്ത്യ. അർബുദകോശങ്ങൾക്കെതിരായ ആന്റിബോഡി ഉത്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആന്റിജൻ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എൻ. ജയരാമനും ഗവേഷക വിദ്യാർഥിനിയായ കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി ടി.വി. കീർത്തനയുമടങ്ങുന്ന സംഘമാണ് സിന്തറ്റിക് ആന്റിജൻ വികസിപ്പിച്ചെടുത്തത്. എലികളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. രക്തത്തിലെ പ്രോട്ടീൻ വഴി ഈ ആന്റിജനെ ലിംഫ് നോഡിലെത്തിച്ചാണ് ആന്റിബോഡി ഉത്പാദനം സാധ്യമാക്കുന്നത്. രക്തത്തിലെ പ്ലാസ്മയിലെ സിറം ആൽബുമിൻ എന്ന പ്രോട്ടീനിൽ ഈ ആന്റിജൻ ഘടിപ്പിച്ചാണ് ലിംഫ് നോഡിലെത്തിക്കുന്നത്. പലതരം അർബുദങ്ങൾക്കുമുള്ള വാക്സിൻ വികസിപ്പിക്കാൻ ഈ പരീക്ഷണം സഹായിക്കും എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.