ഹെയര്‍ സ്‌ട്രെയ്‌റ്റനിങ്‌ ഉത്‌പന്നങ്ങള്‍ അക്യൂട്ട്‌ കിഡ്‌നി ഇഞ്ചുറിയുടെ സാധ്യത വർധിപ്പിക്കും

ഹെയര്‍ സ്‌ട്രെയ്‌റ്റനിങ്‌ ഉത്‌പന്നങ്ങള്‍ വൃക്കരോഗമായ അക്യൂട്ട്‌ കിഡ്‌നി ഇഞ്ചുറിയുടെ സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ന്യൂ ഇംഗ്ലണ്ട്‌ ജേണല്‍ ഓഫ്‌ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗവേഷകർ എലികളിലാണ് പഠനം നടത്തിയത്. ഹെയര്‍ സ്‌ട്രെയ്‌റ്റനിങ്‌ ക്രീം പുരട്ടിയ എലികളില്‍ 28 മണിക്കൂറിന്‌ ശേഷം പ്ലാസ്‌മ ക്രിയാറ്റിനിന്‍ തോത്‌ ഗണ്യമായി ഉയർന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവയുടെ വൃക്കകളുടെ സിടി സ്‌കാനില്‍ കാല്‍സ്യം ഓക്‌സലേറ്റ്‌ മോണോഹൈഡ്രേറ്റ്‌ നിക്ഷേപങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു. ഗ്ലൈക്കോളിക്‌ ആസിഡോ, ഗ്ലൈഓക്‌സാലിക്‌ ആസിഡോ അടങ്ങിയ കെരാറ്റിന്‍ അധിഷ്‌ഠിത ഹെയര്‍ സ്‌ട്രെയ്‌റ്റനിങ്‌ ഉത്‌പന്നങ്ങള്‍ ആണ് വ്യക്ക രോഗത്തിന് കാരണമാകുന്നത്. അതെ സമയം, കെരാറ്റിന്‍ അധിഷ്‌ഠിത ഉത്‌പന്നങ്ങൾ വൃക്കകളിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച്‌ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.