ശ്വാസകോശ സംബന്ധിയായ പ്രശ്‌നങ്ങളുമായി മാസം തികയാതെ ജനനം…ഡോക്ടറുടെ നിര്‍ദേശപ്രകാരം കളത്തിലേയ്ക്ക്…കരുണിന്റെ ആരും അറിയാത്ത വളര്‍ച്ചയെ കുറിച്ച് അമ്മ

നീണ്ട നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കൈവരിച്ച മലയാളി പയ്യന്‍, കരുണ്‍ നായര്‍… 381 പന്തില്‍ നിന്നും 32 ബൗണ്ടറികളും നാല് സിക്സറുകളും അടക്കമുള്ള ആ പ്രകടനം ക്രിക്കറ്റ് ആരാധകരുടെ കണ്ണുകള്‍ക്ക് ഉത്സവലഹരിയാണ് സമ്മാനിച്ചത്. ചെങ്ങന്നൂര്‍ സ്വദേശിയായ കരുണ്‍ നായര്‍ കര്‍ണാടകയുടെ കളിക്കാരനായാണ് ക്രിക്കറ്റ് രംഗത്ത് അറിയപ്പെടുന്നത്.

എന്നാല്‍, നമ്മള്‍ ഇന്നു കാണുന്ന കരുണ്‍ ക്രിക്കറ്റിനുവേണ്ടി മാത്രം ജനിച്ചതാണെന്ന് കരുണിന്റെ മാതാവ് പ്രേമയും പിതാവ് കലാധരനും അടിവരയിടുന്നു.
ശ്വാസകോശസംബന്ധിയായ പ്രശ്‌നങ്ങളുമായി മാസം തികയാതെ ജനിച്ച കുഞ്ഞു കരുണിനെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമാണ് കളത്തില്‍ ഇറക്കിയതെന്ന് അമ്മ പറയുന്നു. ഇപ്പോള്‍ ഒരു സ്വര്‍ഗ്ഗത്തിലാണ് താന്‍ നില്‍ക്കുന്നത്. അവന്റെ പരിശ്രമങ്ങള്‍ക്കുള്ള ഫലവും ഈശ്വരാധീനവുമാണ് ഈ നേട്ടം എന്നു മാത്രമാണ് പറയാനുള്ളത്. വീടിനു മുന്നിലുള്ള വഴിയിലായിരുന്നു കരുണിന്റെ കുട്ടിക്കാലത്തെ ക്രിക്കറ്റ് പരിശീലനം. കരുണിനൊപ്പം ഞാനും അവന്റെ സഹോദരിയും കളിക്കാന്‍ കൂടുമായിരുന്നു. മകന്റെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അച്ഛന്‍ കലാധരന്‍ നായരും പറഞ്ഞു.

ആറന്മുളയപ്പന്റെ അനുഗ്രഹമാണ് കരുണിനെ ഇത്തരമൊരു ചരിത്ര നേട്ടത്തില്‍ എത്തിച്ചതെന്നും പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുന്നതിനായി കരുണ്‍ ആറന്മുളയില്‍ വഴിപാട് വള്ളസദ്യ നടത്തിയിരുന്നു. കീഴ്ചേരിമേല്‍ കരയുടെ വകയായി ജൂലൈ 17 ന് ആയിരുന്നു ആ വഴിപാട് വള്ളസദ്യ.