ചുമ്മാ ഒരു ലാബിലേക്ക് ചെന്ന് ബിപി ചെക്ക് ചെയ്യണമെന്ന് പറഞ്ഞു പരിശോധനയ്ക്ക് വിദേയരാകുന്നവരാണോ നിങ്ങൾ? എങ്കിൽ അങ്ങനെ അല്ല, ബി.പി പരിശോധിക്കുന്നതിന് മുൻപും പരിശോധനാഫലം ലഭിച്ചതിനു ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1. ഓടിക്കിതച്ച് ചെന്ന് നോക്കിയാൽ ബി.പി എന്തായാലും ശകലം കൂടുതലായിരിക്കും. അതോണ്ട് ബി.പി നോക്കാൻ ചെന്നിരിക്കുന്നതിനു മുൻപ് 5 മിനിട്ട് ശാന്തമായി ഇരുന്ന് റിലാക്സ് ചെയ്യൂ.
2. ബി.പി നോക്കാൻ ചെന്നിരിക്കുന്നതിനു തൊട്ടു മുന്നേ കാപ്പിയോ ചായയോ കുടിക്കരുത്, പുകവലിക്കുകയുമരുത്. (അവ അഡ്രീനലിൻ കൂട്ടും അതുകൊണ്ടാണ് ചെയ്യരുതെന്ന് പറയുന്നത്.
3. മരുന്ന് സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നയാളുകൾ ബി.പി എടുക്കാൻ പോകുന്ന ദിവസവും മരുന്ന് സാധാരണ എപ്പോഴാണോ കഴിക്കുന്നത്, ആ സമയത്ത് തന്നെ കൃത്യമായി മരുന്നു കഴിക്കണം. നിങ്ങൾക്ക് കുറിച്ചുതന്ന മരുന്ന് ഫലപ്രദമാണോ, അതിന്റെ ഡോസ് എത്രവേണം, കൂട്ടണോ, കുറയ്ക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടർക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
4. ബി.പി അളന്നുകൊണ്ടിരിക്കുമ്പോൾ നല്ല ചിന്തകൾ മാത്രം മനസിൽ വരുത്തുക. പറ്റുമെങ്കിൽ ബിപി ചെക്ക് ചെയ്യുന്ന ആളുമായി എന്തെങ്കിലും സൊറപറഞ്ഞിരിക്കുക. അയാൾ വലിയ ജാഡയാണെങ്കിൽ മനസിൽ ഒരു പാട്ട് മൂളുക, അതുമല്ലെങ്കിൽ ഒരു സിനിമാ കോമഡിയോർക്കുക. ബി.പി എടുക്കുന്ന യന്ത്രത്തിൽ മെർക്കുറി പൊങ്ങുന്നതും നോക്കിയിരുന്നാൽ അതു മതി നിങ്ങൾക്ക് ടെൻഷൻ കയറി ബീ.പി കൂടാൻ
5. ഒരുപ്രാവശ്യം അളന്നപ്പോൾ സാധാരണയിലും ഉയർന്ന ബി.പി കിട്ടിയെന്നുകരുതി നിങ്ങൾ ഒരു രക്താതിസമ്മർദ രോഗിയാകുന്നില്ല. അതുകൊണ്ടുതന്നെ ഉടനെ മരുന്ന് കഴിച്ചുതുടങ്ങേണ്ട കാര്യവുമില്ല. ഒരു മാസത്തിനുള്ളിൽ പല സമയത്തായി (കുറഞ്ഞത് 2 പ്രാവശ്യമെങ്കിലും) ബി.പി എടുത്ത് നോക്കുമ്പോൾ കിട്ടുന്ന ആവറേജ് അളവുകൾ ആണ് കൂടുതൽ വിശ്വസനീയം. പറ്റുമെങ്കിൽ വീട്ടിലെ ശാന്തമായ അന്തരീക്ഷത്തിൽ ബി.പി അളന്നുനോക്കുക. നിങ്ങൾ അവിടെ കുറേക്കൂടി റിലാക്സ്ഡ് ആയിരിക്കും.
6. വളരെ കൂടിയ അളവിൽ ബി.പി ഉള്ളവർ അതായത് 160/100- ഓ അതിനു മിലോ- ആണെങ്കിൽ രണ്ടാഴ്ചയ്ക്കകം വീണ്ടും അളന്ന് കൂടുതലാണെങ്കിൽ എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടണം.
7. രക്താതിസമ്മർദം വണ്ണമുള്ളവർക്ക് മാത്രമേ വരൂ എന്നു കരുതിയാൽ തെറ്റി. ഇത് നല്ലൊരളവിൽ പാരമ്പര്യമായി കിട്ടുന്നതാണ്. അച്ഛനോ അമ്മയ്ക്കോ രക്താതിസമ്മർദമുണ്ടേൽ മക്കളിൽ അതിന്റെ സാധ്യത 25 -50 % വരെയാവാം. ഏതാണ്ട് 60 വയസ്സുകഴിഞ്ഞാൽ ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനും രക്തക്കുഴലിലെ മാറ്റങ്ങൾ മൂലം ‘പ്രഷർ രോഗം’ വരാം.
മറ്റു രോഗങ്ങളൊന്നുമില്ലാത്ത ജനങ്ങളുടെ ശരാശരി ബി.പി 120/80 ആണ്. എന്നാൽ സിസ്റ്റോളിക് പ്രഷർ 120-ൽ താഴെയും ഡയസ്റ്റോളിക് പ്രഷർ 80-ൽ താഴെയും ആക്കി നിർത്തുന്നതാണ് ഹൃദയത്തിന്റെയും തലച്ചോറിന്റെയും രക്തക്കുഴലുകൾ ആരോഗ്യത്തോടെയിരിക്കാൻ നല്ലത് എന്നാണ് അടുത്തു നടന്ന പഠനങ്ങൾ കാണിക്കുന്നത്.
സിസ്റ്റോളിക് പ്രഷർ 120-നും 139-നും ഇടയ്ക്ക് വരുന്നുവെങ്കിലോ ഡയസ്റ്റോളിക് പ്രഷർ 80-നും 89-നും ഇടയ്ക്ക് വരുന്നെങ്കിലോ അതിനെ രക്താതിസമ്മർദത്തിന്റെ മുന്നോടിയായി അഥവാ പ്രീഹൈപ്പർടെൻഷൻ ആയി കാണണം എന്നു പുതിയ തെളിവുകൾ സൂചിപ്പിക്കുന്നു.
ഇതിനർത്ഥം 120/80-നു മുകളിൽ ബി.പി പോയാലുടൻ മരുന്നു കഴിച്ചു തുടങ്ങണമെന്നാണോ ? നോ..നെവർ ! ഓർക്കുക ബി.പി 140/90-നു മുകളിൽ പോകുന്നതിനെയേ നമ്മൾ രക്താതിസമ്മർദം എന്നു വിളിക്കൂ.
120/80-നു മുകളിൽ പോകുന്നതും 140//90-ൽ താഴെ നിൽക്കുന്നതുമായ ബി.പി ഉള്ളവർ ക്രമേണ അടുത്ത 4 – 5 വർഷങ്ങൾ കൊണ്ട് രക്താതിസമ്മർദ രോഗികളാകാൻ സാധ്യത ഉണ്ട് എന്നെ ഉള്ളു. അവർ രോഗികളായി എന്നല്ല അർത്ഥം. അതുകൊണ്ട് തുടർച്ചയായ രണ്ടോ മൂന്നോ അളക്കലിൽ 120/80-നു മുകളിൽ ബി.പി കയറുകയാണെങ്കിൽ ആഹാരനിയന്ത്രണം, ചെറിയതോതിലിഉള്ള വ്യായാമം, പുകവലിയുപേക്ഷിക്കൽ, വെള്ളമടി കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിച്ചും ആറുമാസമെങ്കിലും കൂടുമ്പോൾ ബി.പി നോക്കിയും മുന്നോട്ട് പോകാം എന്ന് വിദഗ്ദർ പറയുന്നു.
ബി.പിയുടെ അളവ് 140/90-നു മേൽ പോവുകയാണെങ്കിൽ അതു പിന്നെ പിടിച്ചാൽ കിട്ടണമെന്നില്ല. മരുന്ന് നിർബന്ധമായും കഴിക്കണം. പ്രത്യേകിച്ച് 160 / 100 എന്ന അളവിലൊക്കെ പോയാൽ. കാരണം എത്ര കഠിനപഥ്യം നോക്കിയാലും എത്ര കഠിന വ്യായാമം ചെയ്താലും മരുന്നിന്റെ സഹായമില്ലാതെ വളരെ ഉയർന്ന ബി.പി നോർമൽ നിലയിലേക്ക് കുറച്ചുകൊണ്ടുവരാനാവില്ല. (സാധാരനമനുഷ്യന്റെ കാര്യമാണിവിടെ പറയുന്നത്…വല്ല അത്ഭുത രോഗശാന്തിക്കാരുടെയും ഉദാഹരണം പറയാനുണ്ടെങ്കിൽ അത് കൈയ്യിൽ തന്നെ വച്ചേക്കുക കുട്ടാ… ഇവിടെ, ഓൺലി സയൻസ്
ഇനി നമുക്ക് മരുന്നു കഴിക്കുന്നതിനു മുൻപോ മരുന്നിനു പുറമേയോ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം : ഇത് എല്ലാവർക്കും ബാധകമായുള്ള കാര്യമാണ് കേട്ടോ.
1. വ്യായാമം തുടങ്ങുക, തുടരുക.. വ്യായാമം എല്ലാ പ്രായക്കാർക്കും ഒരുപോലെ നല്ലതാണു. വ്യായാമത്തിന്റെ ഗുണങ്ങൾ ഞാൻ ഇവിടെ എടുത്തു പറയണമെന്നില്ലല്ലോ…
2. അടുത്ത് ആഹാര ശീലം : നിറയെ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, സലാഡ്, മുരിങ്ങയില, കാരറ്റ്, പയറ്….ഇതൊന്നും കണ്മുന്നിൽ കൊണ്ടോന്ന് വെച്ചിട്ട് ഒരു കാര്യോമില്ല.. അറഞ്ചം പുറഞ്ചം കഴിച്ചോളണം. വറുത്തതും പൊരിച്ചതും, പ്രത്യേകിച്ച് മട്ടൻ, ബീഫ് എന്നിവ കുറച്ചേ തട്ടിക്കെട്ടണം, എന്നിട്ട് മീൻ – നല്ല ചാള/മത്തി, നെത്തോലി എന്നിവ കൂടുതലാക്കുക. പാല് ഉപയോഗിക്കുമ്പോൾ അതിലെ പാട അങ്ങ് എടുത്തു മാറ്റിയിട്ട് ഉപയോഗിച്ചാൽ അത്രയും നല്ലത്. സഫോള, സൺഫ്ലവർ എണ്ണകൾ ഉത്തമം. ആഹാരത്തിലെ മാറ്റം കൊണ്ട് 8 മുതൽ 14 mm വരെ ബി.പി കുറയാം. ഞാൻ പറയുന്നതല്ല, ആരോഗ്യ വിദഗ്ദർ പറയുന്നതാണ്.
3. ഉപ്പ് കുറയ്ക്കുക : എല്ലാ ആഹാരത്തിലും കൂടെയായി 6 ഗ്രാമിൽ കൂടുതൽ ഉപ്പ് ഉപയോഗികാതിരിക്കാനാണ് നോക്കേണ്ടത്. ഉപ്പ് എങ്ങനെ കുറയ്ക്കുമെന്നോർത് കണക്കൊന്നും കൂട്ടണ്ട. അച്ചാറുകൾ, ഉപ്പിലിട്ടത്, പപ്പടം,വറ്റൽ മുളക്, സംഭാരം എന്നിവ സ്ഥിരമായി കഴിക്കുന്നത് അങ്ങ് കുറയ്ക്കുക. നിർത്താനാണ് പറയേണ്ടത് പക്ഷെ അതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്രമല്ലേ. പിന്നെ തൈര്, മോര് എന്നിവ ഉപ്പ് ചേർത്ത് ഉപയോഗിക്കാതെ നോക്കാം. ഉപ്പ് നിയന്ത്രിച്ചാൽ കുറയുന്നത് 2മുതൽ 8 mm വരെ ബി.പി അളവ്.
4. പ്രതിദിന മദ്യപാനം നിയന്ത്രിക്കുന്നതിലൂടെ 4mm വരെ ബി.പി കുറയ്ക്കാൻ സാധിക്കും.
പുകവലി കുറച്ചു കുറച്ചു കൊണ്ടുവന്ന് പൂർണ്ണമായി നിർത്തുക. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.
ഞാൻ പറഞ്ഞ കാര്യങ്ങൾ മാത്രം ചെയ്ത് ബിപി കുറയുമെന്നോർത്ത് കാത്തിരിക്കാൻ അല്ല ഞാൻ ഇത്രയും നേരം ഇരുന്ന് പറഞ്ഞത്. വ്യക്തവും കൃത്യവുമായ ആരോഗ്യ പാലനം ആവശ്യമാണ്. നിങ്ങളുടെ ആരോഗ്യം നിങ്ങൾ തന്നെ ശ്രദ്ധിക്കണം. ബിപിയിൽ എന്തേലും വേരിയേഷൻ വന്നാൽ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുകയാണ് ആദ്യം വേണ്ടത്. സ്വയം ചികിത്സ അരുത് മക്കളെ. അപ്പോൾ കാര്യങ്ങൾ ക്ലിയറായി എന്നു വിശ്വസിക്കുന്നു.