കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ വര്‍ണ്ണച്ചിറകുകള്‍- ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ കുട്ടികളും വ്യത്യസ്തരാണ്. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. കുട്ടികളുടെ ഭാവി ശോഭനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് വനിതാ ശിശു വികസന വകുപ്പ് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ സംരക്ഷണയിലുള്ള കുട്ടികള്‍ക്ക് ‘വര്‍ണ്ണച്ചിറകുകള്‍’ ഒരുക്കുമ്പോള്‍ സമൂഹത്തിലെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണച്ചിറകുകളില്‍ ആതിഥേയ ജില്ലയായ എറണാകുളത്തെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഹോമുകളിലെ കുട്ടികള്‍ പങ്കെടുത്തു.