ആരോഗ്യ പ്രവർത്തകർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യ പ്രവർത്തകർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ അമ്പത്തിയേഴാം വാർഷികം ഉദഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സങ്കീർണമായ ഓപ്പൺ ഹാർട്ട് സർജറി , വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് ഹെൽത്ത് സർവ്വീസ് ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള ആശുപത്രികളിലും തുടക്കം കുറിക്കാൻ സാധിച്ചത് സർക്കാർ കൈവരിച്ച അഭിമാനാർഹമായ നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കെ.ജി.എം.ഒ.എ നൽകുന്ന ക്രിയാത്മക നിർദ്ദേശങ്ങളെ മന്ത്രി പ്രശംസിച്ചു. ആരോഗ്യ വകുപ്പിൻ്റെ മികവോടെയുള്ള പ്രവർത്തനങ്ങൾക്ക് സംഘടന നൽകുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്നും മന്ത്രി അറിയിച്ചു. കെ.ജി.എം.ഒ. എ മുന്നോട്ട് വെയ്ക്കുന്ന ന്യായമായ എല്ലാ ആവശ്യങ്ങളോടും അനുഭാവപൂർവ്വമായ പരിഗണനയാണ് സർക്കാരിനുള്ളതെന്ന് മന്ത്രി എടുത്തു പറഞ്ഞു. ചടങ്ങിൽ മികച്ച ഡോക്ടർമാർക്കുള്ള അവാർഡുകൾ ആരോഗ്യമന്ത്രി വിതരണം ചെയ്തു. അമൃതകിരണം മെഡി ഐക്യു പ്രശ്നോത്തരിയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും ക്യാഷ് അവാർഡും മന്ത്രി സമ്മാനിച്ചു.