വാരാണസി: ഡിസംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയിലെത്തിയത് 2000കോടിയുടെ പുതിയ നോട്ടുകള്‍ എന്ന് റിപ്പോര്‍ട്ട്. നോട്ടു പിന്‍വലിക്കലിലെ ജനരോക്ഷം തണുപ്പിച്ച് റാലി വിജയിപ്പിക്കുന്നതിനാണ് ഇത്തരമൊരു നടപടി. വാരാണസിയിലെ ബാങ്കുകളിലും എ.ടി.എമ്മുകളിലും നിറയ്ക്കുന്നതിനായി ഒരു ട്രക്ക് നോട്ടുകളാണ് റിസര്‍വ്വ് ബാങ്ക് എത്തിച്ചതെന്ന് ഇന്ത്യ സംവാദ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
500രൂപയുടെയും 2000രൂപയുടെയും പുതിയ നോട്ടുകളാണ് എത്തിച്ചിരിക്കുന്നത്. രാജ്യത്തൊട്ടാകെ ജനങ്ങള്‍ നോട്ടുക്ഷാമത്തിന്റെ പേരില്‍ വലയുമ്പോള്‍ രാഷ്ട്രീയ താല്പര്യത്തിനായി നടത്തിയ ഈ നീക്കം കൂടുതല്‍ പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുമെന്ന ആശങ്ക ബി.ജെ.പി നേതാക്കള്‍ പരോക്ഷമായി പ്രകടിപ്പിച്ചതായും അഭ്യൂഹങ്ങളുണ്ട്.
വാരാണസിക്കു പുറമേ ചന്ദോലി, ഗാസിപൂര്‍, ജൗണ്‍പൂര്‍, അസംഘര്‍, ഭാലിയ തുടങ്ങിയ മേഖലകളിലെയും നോട്ടുക്ഷാമത്തിന് ആ.ബി.ഐയുടെ നടപടി താല്‍ക്കാലിക ശമനം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം ലഭിക്കുന്നില്ല എന്ന് പരാതിപ്പെടേണ്ട അവസ്ഥ ഇവിടുത്തെ ആളുകള്‍ക്ക് ഇനിയുണ്ടാവില്ല എന്ന് എസ്.ബി.ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സഞ്ജയ് മിശ്ര പറഞ്ഞു. എന്നാല്‍ തിരക്കേറിയ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു.