സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും ജനകീയമാക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന ഒരാഴ്ച നീളുന്ന പ്രചരണപരിപാടിക്ക് തുടക്കം കുറിച്ച് ആരോഗ്യ വകുപ്പ്. ജനുവരി 21 വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി നാടിന്റെ സമസ്ത മേഖലകളിൽ നിന്നുമുള്ളവരുടെ സേവനങ്ങൾ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും. കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രൈമറി, സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റുകളും ഈ ദിവസങ്ങളിൽ സാന്ത്വന ചികിത്സ തേടുന്ന രോഗികളെ പരിചരിക്കാനും അവരുടെ ബന്ധുക്കൾക്ക് വേണ്ട സൗകര്യങ്ങളുറപ്പുവരുത്താനും ഗൃഹസന്ദർശനം നടത്തും.
നാലു ലക്ഷത്തോളം പേരുള്ള കേരളത്തിന്റെ ഈ സ്വന്തം വളന്റിയർ സേന വഴി എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലും പാലിയേറ്റീവ് പരിചരണങ്ങൾക്കായുള്ള സന്നദ്ധ പ്രവർത്തകരെ കണ്ടെത്താം. സന്നദ്ധസേനാ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് വേണ്ട പരിശീലന പരിപാടികളും മറ്റും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കും. ഇതോടൊപ്പം രോഗികളെ സന്ദർശിക്കാനും പരിചരണത്തിൽ പങ്കുചേരാനുമുള്ള അവസരമൊരുക്കാനും ‘ഞാനുമുണ്ട് പരിചരണത്തിന്’ ക്യാമ്പയിൻ വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.