ഡോക്ടർമാർ എഴുതുന്ന മരുന്നുകുറിപ്പടികൾ വ്യക്തമായി ക്യാപിറ്റൽ ലെറ്ററിൽ എഴുതണമെന്ന് ഒഡീഷ ഹൈക്കോടതി

ഡോക്ടർമാർ എഴുതുന്ന മരുന്നുകുറിപ്പടികൾ വ്യക്തമായി ക്യാപിറ്റൽ ലെറ്ററിൽ എഴുതണമെന്ന് ഒഡീഷ ഹൈക്കോടതി. മരുന്ന് കുറിപ്പടികൾ, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ, മെഡിക്കോ-ലീ​ഗൽ രേഖകൾ തുടങ്ങിയവ വൃത്തിയായും ക്യാപിറ്റൽ ലെറ്ററിലും എഴുതണമെന്നാണ് ഒഡീഷ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് എസ്.കെ. പനി​ഗ്രഹി, ഒഡീഷ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. എല്ലാ മെഡിക്കൽ സെന്ററുകളിലും സ്വകാര്യ ക്ലിനിക്കുകളിലും മെഡിക്കൽ കോളേജുകളിലും നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ദേൻകനാൽ ജില്ലയിലെ രസാനന്ദ ഭോയ് എന്നയാളുടെ ഹർജി കേട്ടതിനൊടുവിലാണ് കോടതി പ്രസ്തുത ഉത്തരവിട്ടത്. ഇദ്ദേഹത്തിന്റെ മൂത്തമകൻ പാമ്പുകടിച്ചതിനേത്തുടർന്ന് മരിച്ചിരുന്നു. എന്നാൽ കോടതിയിൽ സമർപ്പിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ട് വായിക്കുന്നതിനും സം​ഗ്രഹിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് ജഡ്ജി പ്രസ്തുത ഉത്തരവിട്ടത്.