ചെന്നൈയില്‍ ആശുപത്രിയില്‍ ദൈര്‍ഘ്യമേറിയ സമയം അമിതമായി ജോലി ചെയ്തതിന് പിന്നാലെ 2 ദിവസത്തിനിടെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീണ്ട ഷിഫ്റ്റുകള്‍ പൂര്‍ത്തിയാക്കി താമസസ്ഥലത്ത് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഇരുവരും മരിച്ചതെന്നാണ് ആരോപണം. മദ്രാസ് മെഡിക്കല്‍ കോളേജിലും അയനാവരത്തെ ഇഎസ്ഐ ആശുപത്രിയിലും ജോലി ചെയ്തിരുന്ന ഡോ.മരുതുപാണ്ഡ്യന് ഡോ. സോലൈസാമി എന്നിവര്‍ക്കാണ് ജീവന് നഷ്ടമായത്. മരണത്തിന് മുമ്പ് ഡോ.മരുതുപാണ്ഡ്യന് 36 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്തതായി പറയപ്പെടുന്നു. രണ്ട് ഡോക്ടര്‍മാര്‍ക്കും അമിത ജോലിയുണ്ടായിരുന്നെന്നും കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നും ഡോക്ടേഴ്സ് അസോസിയേഷന് ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി (DASE) സെക്രട്ടറി ഡോ.ശാന്തി എ.ആര് മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്രാസ് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഡോക്ടര്‍ മരുതുപാണ്ഡ്യനെ ആശുപത്രിയില്‍ ഡാറ്റാ ഓപ്പറേഷന് ജോലിക്ക് നിയോഗിച്ചു എന്നും അവര്‍ ആരോപിച്ചു. ദൈര്‍ഘ്യമേറിയ ഡ്യൂട്ടി ഡോക്ടര്‍മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാല്‍ 24 മണിക്കൂര്‍ ഡ്യൂട്ടി അസൈന്മെന്റുകള് നിര്‍ത്തലാക്കണമെന്നും ഡോക്ടേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.