ഭൂമിക്കു കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളിൽ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി ശ്രദ്ധ നൽകണമെന്ന് ലോകാരോഗ്യസംഘടന. ഇത്രയും കാലം ഉച്ചകോടിനടത്തിയിട്ടും ഇത്തവണയാണ് ആരോഗ്യത്തിനായി ഒരുദിനം സി.ഒ.പി. മാറ്റിവെക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് പറഞ്ഞു. ആരോഗ്യമാണ് കാലാവസ്ഥാപ്രതിസന്ധിക്കുനേരെ പോരാടുന്നതിനുള്ള പ്രധാനകാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോവർഷവും ആഗോളതലത്തിൽ 70 ലക്ഷംപേരുടെ ജീവനെടുക്കുന്ന വായുമലിനീകരണം, ഛർദ്യതിസാരവും മലമ്പനിയും പോലുള്ള പകർച്ചവ്യാധികൾ നേരിടുന്ന കാര്യത്തിൽ ലോകനേതാക്കൾ ഒരുമിച്ചുനിൽക്കണമെന്ന് സി.ഒ.പി.-28 ആഹ്വാനംചെയ്തു. ഭൂമിയും വെള്ളവും വായുവും വിഷമയമാക്കുമ്പോൾ നമ്മുടെ ശരീരംതന്നെയാണ് നാം വിഷമയമാക്കുന്നതെന്ന് യു.എസിന്റെ പ്രതിനിധി ജോൺ കെറി പറഞ്ഞു. ആരോഗ്യവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധത്തിന് ഊന്നൽ നൽകിയുള്ളതാണ് സി.ഒ.പി.-28 പ്രഖ്യാപനം. ആരോഗ്യമേഖലയിലെ മലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് 120-ഓളം രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ പുറന്തള്ളുന്ന മാലിന്യത്തിൽ ആരോഗ്യമേഖലയിലേത് അഞ്ചുശതമാനം വരുമെന്ന് ഗെബ്രയേസുസ് പറഞ്ഞു.